ബാഹുബലി സംവിധായകൻ രാജമൗലിയെ തല്ലുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്

single-img
3 November 2020

സംവിധായകന്‍ എസ് എസ് രാജമൗലിയെ തല്ലുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്. രാജമൗലിയുടെ പുതിയ ചിത്രം ആര്‍ ആര്‍ ആർ നെതിരെ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാറാണ് രംഗത്തെത്തിയിരിക്കുന്നത്. രാജമൗലിയെ വടികൊണ്ട് തല്ലുമെന്നും, സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ കത്തിക്കുമെന്നുമാണ് ഭീഷണി.

രണ്ടു സ്വാതന്ത്യസമരസേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആര്‍ ആര്‍ ആര്‍ (രൗദ്രം രണം രുദിരം). 1920 കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തില്‍ കോമരം ഭീം മുസ്ലീം തൊപ്പി അണിഞ്ഞെത്തുന്ന രംഗമാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ജൂനിയര്‍ എന്‍ ടി ആര്‍ ആണ് കോമരം ഭീമിനെ അവതരിപ്പിക്കുന്നത്, കോമരം ഭീം മുസ്ലീം തൊപ്പി അണിഞ്ഞ് നടന്നുവരുന്ന രംഗം കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോയിലുണ്ട്

‘രാജമൗലി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ഇത് അംഗീകരിക്കുമെന്ന് കരുതിയോ? ഒരിക്കലുമില്ല,’ ബന്ദി സഞ്ജയ് പൊതുപരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദ് വിമോചനത്തിനായി അസിഫ് ജാഹി രാജവംശത്തിനെതിരായി പോരാടിയ ഒരു ഗോത്ര നേതാവ് ആയിരുന്നു കോമരം ഭീം.

ബാഹുബലിക്കു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് രൗദ്രം രണം രുദിരം എന്ന ആര്‍ ആര്‍ ആര്‍. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content: BJP leader threatens to beat Bahubali director Rajamouli