ബിനീഷ് കോടിയേരിയെ ഇഡി ഇതുവരെ ചോദ്യം ചെയ്തത് 38 മണിക്കൂർ; വീണ്ടും 5 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു കോടതി

single-img
3 November 2020
Bineesh Kodiyeri Interrogation extended

കഴിഞ്ഞ ദിവസം രാവിലെ 8.15ന് വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ശാന്തിനഗറിലെ ഇഡി സോണൽ ഓഫിസിലെത്തിച്ചു. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ 2 നിലകൾ നടന്നു കയറേണ്ടിവന്ന ബിനീഷ് അവശനിലയിലായിരുന്നു. ക്ഷീണിതനാണോ, ഇഡി ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്നു തലയാട്ടി.

കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി ഉച്ചയ്ക്ക് 1.20ന് കോവിഡ് ഉൾപ്പെടെയുള്ള പരിശോധനയ്ക്ക് ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ബിനീഷിനെ വിഡിയോ കോൺഫറൻസിങ്ങിലൂടെ കോടതിയിൽ ഹാജരാക്കാൻ ഇഡി ശ്രമം നടത്തി. എന്നാൽ, നേരിട്ടു ഹാജരാക്കാനുള്ള കോടതിയുടെ നിർദേശത്തെതുടർന്ന് 4.10ന് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലെത്തിച്ചു.

തുടർന്ന് ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ബിനീഷ് പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പ്രസന്നകുമാർ കോടതിയെ ധരിപ്പിച്ചു. നടുവേദനയും ഛർദിയും കാരണം ദേഹാസ്വാസ്ഥ്യമെന്നു പറഞ്ഞ് കഴിഞ്ഞ രണ്ടര ദിവസം തീർത്തും നിസ്സഹകരിച്ചു. കേരളത്തിൽ 10 കേസുകളും ദുബായിയിൽ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളിയാണ്. ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബെനാമി കമ്പനികൾ തുടങ്ങിയിരുന്നു. അനൂപിന്റെയും ഒപ്പം അറസ്റ്റിലായ മലയാളി റിജേഷ് രവീന്ദ്രന്റെയും പേരിലാണിത്.

കൂടാതെ ലഹരി ഇടപാടു കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി 3.5 കോടിയിലധികം രൂപയുടെ ഹവാല പണമിടപാട് നടത്തിയതിന്റെ തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ അറിയിച്ചു. ഇതുൾപ്പെടെ 2012-19 കാലത്ത് ഇരുവരും തമ്മിൽ 5 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് നടന്നു. ഈ തുകയിലേറെയും ലഹരി ഇടപാടിലൂടെ സ്വരൂപിച്ചതാണ്. എന്നാൽ, ഇതെക്കുറിച്ച് വിശദീകരണം നൽകാൻ ബിനീഷ് തയാറാകുന്നില്ല അഭിഭാഷകൻ കോടതിയെ അറിയിച്ചു..

ബിനീഷുമായി ലഹരി ഉപയോഗം വഴിയാണ് സൗഹൃദത്തിലായതെന്ന് അനൂപ് മൊഴി നൽകിയെന്നും ഇഡി അറിയിച്ചു.ബിനീഷിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച സർട്ടിഫിക്കറ്റും ഹാജരാക്കി. 24 മണിക്കൂർ തോറും ആരോഗ്യസ്ഥിതി വിലയിരുത്തണമെന്നു കോടതി നിർദേശിച്ചു.

ചോദ്യം ചെയ്യൽ തുടരുന്നതിനായി വീണ്ടും 5 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു കോടതി നടപടി പൂർത്തിയായത് 5.45ന്. 6 മണിയോടെ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക്. ഇന്നും ചോദ്യം ചെയ്യൽ തുടരും.