മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് ചികിത്സക്ക് അയക്കണം: ഡിവൈഎഫ്‌ഐ

single-img
1 November 2020

സ്ത്രീ വിരുദ്ധത എന്നത് ജീവിതത്തില്‍ കൊണ്ടുനടക്കുകയും നിരന്തരമായിഅത്തരം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് ചികിത്സക്ക് അയക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ‘ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കണമെന്ന’ മുല്ലപ്പള്ളിയുടെ പ്രസ്താവന അത്യന്തം അപമാനകരമാണെന്നും കേരളത്തിലെ ഒരു തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇത്തരത്തില്‍ നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നുംഡിവൈഎഫ്‌ഐ പ്രസ്താവനയില്‍പറഞ്ഞു.

ഒരു സമൂഹത്തെയാകെ മുന്നോട്ട് നയിക്കേണ്ട ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പരാമര്‍ശമാണോ നടത്തിയതെന്ന് അദ്ദേഹവും കോണ്‍ഗ്രസ് പാര്‍ട്ടിയും വിലയിരുത്തേണ്ടതാണ്.മുല്ലപ്പള്ളി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി പറയുകയും മാപ്പ് പറയുകയും ചെയ്യുന്നത് ശീലമാക്കുകയാണ്. ഇതുപോലുള്ള പരാമര്‍ശങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകടം ഒരു മാപ്പ് കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല.

ഈ രീതിയില്‍ അദ്ദേഹത്തില്‍ നിന്നും മാത്രമല്ല കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവയൊക്കെ സമൂഹത്തില്‍ വിളിച്ചുവരുത്തുന്ന അപകടം ചെറുതല്ല.
സമൂഹത്തിനാകെ മാതൃകയാകേണ്ടവര്‍ തന്നെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.