കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതായി റെയില്‍വേ പോലീസില്‍ പരാതി; കുട്ടിയെ രക്ഷിക്കാന്‍ മൂന്നു മണിക്കൂർ റെഡ് സിഗ്നലില്ലാതെ സഞ്ചരിച്ച് രപ്തിസാഗര്‍ എക്‌സ്പ്രസ്; ഒടുവിൽ വെളിപ്പെട്ടത് കുടുംബ വഴക്കും

single-img
27 October 2020

മധ്യപ്രദേശിലെ ലളിത് പൂർ എന്ന സ്ഥലത്തുനിന്ന് മൂന്നുവയസ്സുള്ള ഒരു കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടുപോയി. ഇയാൾ കുട്ടിയേയും കൊണ്ട് ലളിത് പൂരിൽ നിന്ന് ഭോപ്പാൽ വഴി പോകുന്ന രപ്തി സാഗർ എക്സ്പ്രസിൽ കയറിക്കൂടിയിട്ടുണ്ട് എന്ന വിവരം റെയിൽ സംരക്ഷണ സേനയുടെ അധികാരികൾക്ക് കിട്ടി. തട്ടിക്കൊണ്ട് പോയ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാന്‍ മൂന്നര മണിക്കൂര്‍ നിര്‍ത്താതെ സഞ്ചരിച്ച് രപ്തിസാഗര്‍ എക്‌സ്പ്രസ്. ഖൊരഗ്പൂര്‍ – തിരുവനന്തപുരം ട്രെയിനാണ് രക്ഷാ പ്രവര്‍ത്തനത്തിനായി ലളിത്പുര്‍ മുതല്‍ ഭോപ്പാല്‍ വരെ 241 കിലോ മീറ്റര്‍ റെഡ് സിഗ്നല്‍ ലഭിക്കാതെ സഞ്ചരിച്ചത്. എന്നാല്‍ സംഭവത്തിന്റെ ക്ലൈമാക്‌സില്‍ വെളിപ്പെട്ടത് കുടുംബ വഴക്കും.

ഒക്ടോബർ 25 -ന് രാവിലെ ഏഴുമണിയോടെയാണ്, 02511 രപ്തി സാഗർ എക്സ്പ്രസിൽ തട്ടിയെടുത്ത കുഞ്ഞിനൊപ്പം കയറിക്കൂടിയിട്ടുണ്ട് ഇയാളെന്ന വിവരം അധികാരികൾക്ക് കിട്ടുന്നത്. അപ്പോൾ തന്നെ അയാളെക്കുറിച്ചുള്ള വിവരങ്ങൾ ഭോപ്പാലിലെ നിയന്ത്രണ കേന്ദ്രത്തിലേക്കും കൈമാറപ്പെട്ടു. ലളിത്പൂരിൽ നിന്നു തട്ടിക്കൊണ്ടു പോകപ്പെട്ട കുഞ്ഞ് റോസ് നിറത്തിലുള്ള ഒരു കുപ്പായവും ഈ ക്രിമിനൽ ക്രീം നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്സും ആണ് ധരിച്ചിട്ടുള്ളത് എന്ന വിവരവും ജിആർപിക്ക് കിട്ടി. എന്ന് മാത്രമല്ല, ഇയാൾ ചെരുപ്പിടാതെയാണ് യാത്ര ചെയ്യുന്നത് എന്ന വിവരവും അധികാരികൾക്ക് ലഭ്യമായി. ഈ ക്രിമിനലിനെ കണ്ടെത്തി കുഞ്ഞിനെ വീണ്ടെടുക്കും വരെ ട്രെയിൻ ഒരു സ്റ്റേഷനിലും നിർത്തരുത്. ഇടക്കെവിടെയെങ്കിലും വണ്ടി നിർത്തിയാൽ പ്രതി കുട്ടിയേയും കൊണ്ട് ഇറങ്ങിപ്പോയ്ക്കളഞ്ഞാലോ എന്ന് കരുതിയാണ് എങ്ങും നിർത്താതെ തീവണ്ടി ഭോപ്പാൽ വരെ ഓടിക്കാൻ അധികാരികൾ നിർദേശിച്ചത്.

ലളിത്പുര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപവാസിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. കുട്ടിയെ ഒരാള്‍ തട്ടിക്കൊണ്ടുപോയതായി റെയില്‍വേ പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരാള്‍ കുട്ടിയേയും കൊണ്ട് രപ്തി സാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി. ഇതോടെ വിഷയത്തില്‍ സജീവമായി ഇടപെട്ട പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് ട്രെയിന്‍ ഭോപ്പാല്‍ വരെ നോണ്‍സ്റ്റോപ്പ് ആക്കാന്‍ അനുമതി വാങ്ങുകയായിരുന്നു. തുടർന്ന് തെല്ലും സമയം പാഴാക്കാതെ തന്നെ തീവണ്ടിയ്ക്കുള്ളിൽ നിയുക്തരായിരുന്ന ജിആർപി ജവാന്മാർക്കും കൈമാറപ്പെട്ടു. അവർ തീവണ്ടിക്കുള്ളിലൂടെ തിരഞ്ഞു ചെന്ന് ഇയാളെ കണ്ടെത്തിയെങ്കിലും, ഓടുന്ന ട്രെയിനിൽ വെച്ച് പിടിക്കാൻ ശ്രമിക്കരുത് എന്ന നിർദേശമുണ്ടായിരുന്നതിനാൽ അവർ ദൂരെ നിന്ന് ഈ അപഹർത്താവിനെയും കുട്ടിയേയും നിരീക്ഷിക്കുക മാത്രം ചെയ്തു.

ഭോപ്പാലിൽ തീവണ്ടി ചെന്നുനിൽക്കുമ്പോൾ മതി രക്ഷാ നടപടി എന്നായിരുന്നു അധികാരികളുടെ തീരുമാനം. മണിക്കൂറുകൾക്കു ശേഷം ലളിത് പൂരിൽ നിന്ന് നോൺസ്റ്റോപ്പ്‌ ആയി സഞ്ചരിച്ചു ചെന്ന രപ്തിസാഗർ എക്സ്പ്രസ് ഒടുവിൽ ഭോപ്പാലിൽ ചെന്നെത്തിയപ്പോൾ ഈ ക്രിമിനലിനെ പിടികൂടാനും, പെൺകുട്ടിയെ രക്ഷിക്കാനും കണക്കാക്കി ലോക്കൽ പോലീസിന്റെയും റെയിൽ സംരക്ഷണ സേനയുടെയും ഓഫീസർമാരും ജവാന്മാരും എല്ലാം പ്ലാറ്റ്ഫോമിൽ തന്നെ കാത്തിരിപ്പുണ്ടായിരുന്നു.

നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം തീവണ്ടി നിന്നപാടേ അപഹർത്താവിനുമേൽ ചുറ്റും വളഞ്ഞു നിന്ന പോലീസ് ജിആർപി ഓഫീസർമാർ ചാടിവീണ് അയാളെ കീഴടക്കി കുട്ടിയേയും തട്ടിക്കൊണ്ടുപോയ ആളേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീടായിരുന്നു സംഭവത്തിലെ ട്വിസ്റ്റ്.

കുട്ടിക്കൊപ്പമുണ്ടായിരുന്നത് അച്ഛനായിരുന്നെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. പരാതി നല്‍കിയ യുവതി കുട്ടിയുടെ അമ്മയും. ഇരുവരും തമ്മിലുണ്ടായ കുടുംബപ്രശ്നമായിരുന്നു പരാതിയിലേക്ക് നയിച്ചത്. ഇരുവരേയും പിന്നീട് ലളിത്പുരിലേക്ക് തിരിച്ചയക്കുകയും ചെയ്തു