പിരിഞ്ഞു താമസിക്കുന്നതിനിടെ ഭാര്യ ഗർഭിണിയായി; കുട്ടിയുടെ അച്ഛൻ ആത്മഹത്യചെയ്തെന്നും ഭാര്യ ഭർത്താവിനെ ധരിപ്പിച്ചിരുന്നു; നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്ന ദമ്പതിമാര്‍ പിടിയിൽ

single-img
27 October 2020

പന്നിമറ്റത്തെ അനാഥാലയത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്ന കേസിൽ ദമ്പതിമാര്‍ പിടിയിൽ. കോട്ടയം അയർക്കുന്നം സ്വദേശികളെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തതത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:

ഒരുവർഷമായി പിണങ്ങി താമസിക്കുകയായിരുന്ന ദമ്പതിമാർക്ക് രണ്ടുവയസ്സായ ഒരു കുട്ടിയുണ്ട്. പിരിഞ്ഞു താമസിക്കുന്നതിനിടെ ഭാര്യ രണ്ടാമതും ഗർഭിണിയായി. രണ്ടുവയസ്സുള്ള കുട്ടിയുള്ളതുകൊണ്ട് ഭാര്യയെ ഉപേക്ഷിക്കാൻ ഭർത്താവ് മടിച്ചു. പെരുവന്താനം സ്വദേശിയാണ് കുട്ടിയുടെ അച്ഛനെന്നും അയാൾ ആത്മഹത്യചെയ്തെന്നും ഭാര്യ ഭർത്താവിനെ ധരിപ്പിച്ചിരുന്നു.

കുട്ടിയുണ്ടാകുമ്പോൾ അനാഥാലയത്തിൽ ഏൽപ്പിക്കാമെന്നും പിന്നീട് ഒന്നിച്ചുതാമസിക്കാമെന്നും ഇവർ തമ്മിൽ ധാരണയുണ്ടാക്കി. പെരുവന്താനം സ്വദേശിയാണ് കുട്ടിയുടെ അച്ഛനെന്നും അയാൾ ആത്മഹത്യചെയ്തെന്നും ഭാര്യ ഭർത്താവിനെ ധരിപ്പിച്ചിരുന്നു.

ഞായറാഴ്ച വെളുപ്പിനെ ഭാര്യയ്ക്ക് പ്രസവവേദനയുണ്ടായി. വാഹനത്തിൽ തൊടുപുഴയ്ക്ക് വരുന്നവഴിക്ക് പ്രസവിച്ചു. ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. തൊടുപുഴയിലെത്തി അനാഥാലയത്തിൽ കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പന്നിമറ്റത്തെത്തി പ്രദേശവാസിയോട് അനാഥാലയത്തിലേക്കുള്ള വഴി തിരക്കി. കടയിൽനിന്ന് വാങ്ങിയ കത്രികയുപയോഗിച്ച് ഭാര്യ തന്നെ പൊക്കിൾക്കൊടി മുറിച്ചശേഷമാണ് പന്നിമറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത്.

തിരികെപ്പോയ ഇവർ നെല്ലാപ്പാറയിലെത്തി വണ്ടിയിലെ രക്തം കഴുകിക്കളഞ്ഞ് നാട്ടിലേക്ക്‌ മടങ്ങി. വണ്ടി ഉടമയ്ക്ക് കൈമാറി. പന്നിമറ്റത്തെ സി.സി.ടി.വി.ദൃശ്യം നോക്കി വണ്ടിയുടെ നമ്പർ മനസ്സിലാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

ഭാര്യയെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാക്കി. ഭർത്താവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

എസ്.ഐ.മാരായ പി.ടി.ബിജോയി ഇസ്മായിൽ, എ.എസ്‌.ഐ. ഉബൈസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷാജഹാൻ, അശ്വതി, കെ.കെ.ബിജു, ജോയി, അനസ്, ബിജു ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.