അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയ നടി പായൽ ഘോഷ് രാഷ്ട്രീയത്തിലേക്ക്; സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല

single-img
26 October 2020

പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയ നടി പായൽ ഘോഷ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) യിൽ ചേർന്നു. ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ വച്ചു നടന്ന ചടങ്ങിൽ പാർട്ടി തലവനും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്തേവാലയുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ പാർട്ടി പ്രവേശനം.

റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായാണ് പായൽ ഘോഷിനെ തെരഞ്ഞെടുത്തത്. അംഗത്വം നേടിയ പിന്നാലെ തന്നെ പായൽ ഘോഷിനെ അത്തേവാല സ്വാ​ഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയിലേക്ക് പായലും കൂടെയുള്ളവരും എത്തിയതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെട്ടതായി അത്തേവാല അഭിപ്രായപ്പെട്ടു. ലൈംഗിക ആരോപണം നേരിടുന്ന അനുരാഗ് കശ്യപിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

2013ൽ അനുരാഗ് കശ്യപ്, പായലിനെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. പക്ഷെ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഒരു സത്യവും ഇല്ലെന്നുമായിരുന്നു അനുരാഗ് ഇതിനോട് പ്രതികരിച്ചത്.