നിങ്ങളുടെ മനോഹരമായ മുഖത്തിന് പുറകില്‍, സുന്ദരമായ മുടിയിഴകള്‍ക്ക് താഴെ തലച്ചോര്‍ എന്ന് പറയുന്ന ജെല്‍ പോലത്തെ ഒരു അവയവമുണ്ട്; അതിന് പരിക്കേല്‍ക്കാതിരിക്കാനാണ്, ഹെല്‍മറ്റ്; ഡോ.മനോജ് വെള്ളനാട് നടത്തിയ പ്രതികരണം

single-img
25 October 2020

ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്ന ഗതാഗത കമ്മീഷണറുടെ വാർത്താക്കുറിപ്പ് വന്നപ്പോൾ മുതൽ കേൾക്കുന്ന ഡയലോഗാണ്. “ആദ്യം റോഡ് നന്നാക്കൂ, എന്നിട്ട് എന്നെ ഹെൽമറ്റ് വയ്ക്കുന്ന കാര്യത്തിൽ ഉപദേശിക്കാൻ വന്നാ മതി”.

ഇപ്പോള്‍ സംഭവത്തില്‍ ഡോ.മനോജ് വെള്ളനാട് നടത്തിയ പ്രതികരണം വൈറല്‍ ആവുകയാണ്. ഇരുചക്ര വാഹനമോടിക്കുമ്പോൾ അപകടമുണ്ടാവുന്നതിന് പുറപ്പെടുന്ന സ്ഥലത്തു നിന്നുള്ള ദൂരവുമായിട്ടോ സമയവുമായിട്ടോ നിങ്ങളുടെ മുടിയുടെയോ തൊലിയുടെയോ സ്വഭാവവുമായിട്ടോ ഒരു ബന്ധവുമില്ല. ഏതു നിമിഷവും എവിടെ വച്ചും ആർക്കും അപകടം സംഭവിക്കാം. ടൂ വീലർ റൈഡ് ഒരുതരം സർക്കസാണ്. ഏറ്റവുമധികം ബൈക്ക് അപകടങ്ങള്‍ നടക്കുന്നത് ഏറ്റവും നല്ല റോഡുകളിലാണ്. ഏറ്റവും ഗുരുതരമായ ഇഞ്ചുറീസ് പറ്റുന്നതും അവിടങ്ങളിലാണ്. നല്ല റോഡുകള്‍ നമ്മുടെ അവകാശമാണ്. അതാവശ്യപ്പെടുന്നതില്‍ തെറ്റില്ല. പക്ഷെ, ഞാന്‍ ഹെല്‍മറ്റ് വയ്ക്കുന്നത്, നിങ്ങള്‍ റോഡ് നന്നാക്കിയിട്ടേ ഉള്ളൂവെന്ന് പറയുന്നത് മണ്ടത്തരമാണ്.-അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

ആദ്യം റോഡ് നന്നാക്കൂ, എന്നിട്ട് എന്നെ ഹെൽമറ്റ് വയ്ക്കുന്ന കാര്യത്തിൽ ഉപദേശിക്കാൻ വന്നാ മതി..

ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്ന ഗതാഗത കമ്മീഷണറുടെ വാർത്താക്കുറിപ്പ് വന്നപ്പോൾ മുതൽ കേൾക്കുന്ന ഡയലോഗാണ്..

ഇനി സ്ഥിരം ആശുപത്രികളിൽ കേൾക്കുന്ന ചില മറുപടികൾ കൂടി..

1. ഒന്ന് അടുത്ത ജംഗ്ഷൻ വരെ പോകാനായിട്ട് ഇറങ്ങിയതായിരുന്നു. കുറച്ചു ദൂരോല്ലെ ഉള്ളൂ. അതോണ്ടാ ഹെൽമറ്റ് എടുക്കാത്തത്.

2. രാത്രിയായോണ്ടാ സാറേ.. അല്ലെങ്കിൽ ..

3. എനിക്ക് സ്കിൻ അലർജിയാ സാറേ.. ഡോക്ടർ ഹെൽമറ്റ് വയ്ക്കരുതെന്ന് പറഞ്ഞിട്ടൊണ്ട്..

4. മുടിയൊക്കെ പൊഴിയുന്ന്, ഇത് വച്ചതിന് ശേഷം. അതാ.. പിന്നെ..

5. എനിക്കിതെടുത്ത് തലയിൽ വയ്ക്കുമ്പൊ എന്തോ ഒരസ്വസ്ഥതയാണ്.

ഈ പറയുന്ന ആളിൻ്റെ മുഖമൊക്കെ നീരുവന്ന് വീങ്ങി ഇരിക്കുവായിരിക്കും. തലയിലും മുഖത്തും പത്തിരുപത് തയ്യലും കാണും. കണ്ണിങ്ങനെ കറുത്ത് പാണ്ടയുടെ മുഖം പോലെ ആയിക്കാണും. മൂക്കീന്നും ചെവീന്നും രക്തം ഒലിക്കുവായിരിക്കും. എന്താണ് ഹെൽമറ്റ് വയ്ക്കാതിരുന്നത്, വച്ചിരുന്നെങ്കിലുള്ള ഗുണം മനസിലായോ എന്ന് ചോദിക്കുമ്പോ വർഷങ്ങളായി കേൾക്കുന്ന സ്ഥിരം മറുപടികളാണ് ഇവ. കഴിഞ്ഞ എട്ടൊൻപത് വർഷമായി ഇതേ ചോദ്യം ഈ വരുന്ന എല്ലാവരോടും ഞാൻ ചോദിക്കാറുണ്ട്.

ബോധമുണ്ടായിരുന്നെങ്കിൽ ഇതേ ഉത്തരങ്ങൾ തന്നെ പറയുമായിരുന്ന വേറെ ചിലരെ, ശ്വാസകോശത്തിലേക്ക് ട്യൂബിട്ട് ICU-വിലേക്കോ, എമർജൻസി ഓപറേഷൻ തിയറ്ററിലേക്കോ, മോർച്ചറിയിലേക്കോ ഒക്കെ മാറ്റിയിട്ട് വന്നായിരിക്കും ഇവരോട് ഈ ചോദ്യം ചോദിക്കുന്നത് തന്നെ..

ഇരുചക്ര വാഹനമോടിക്കുമ്പോൾ അപകടമുണ്ടാവുന്നതിന് പുറപ്പെടുന്ന സ്ഥലത്തു നിന്നുള്ള ദൂരവുമായിട്ടോ സമയവുമായിട്ടോ നിങ്ങളുടെ മുടിയുടെയോ തൊലിയുടെയോ സ്വഭാവവുമായിട്ടോ ഒരു ബന്ധവുമില്ല. ഏതു നിമിഷവും എവിടെ വച്ചും ആർക്കും അപകടം സംഭവിക്കാം. ടൂ വീലർ റൈഡ് ഒരുതരം സർക്കസാണ്..

സ്കിൻ അലർജി ഉള്ളതിന്റെ പേരിൽ ഏതെങ്കിലും ഡോക്ടർ ഹെൽമറ്റ് വയ്ക്കരുതെന്ന് പറയില്ല. പറയാൻ പാടില്ല. ഞാനാണെങ്കിൽ പറയും, നീ എന്നാ ഇനി ബൈക്കോടിക്കണ്ടാ, ബസിലോ മറ്റോ യാത്ര ചെയ്താ മതീന്ന്. അലർജി, മുടി കൊഴിച്ചിൽ ഒന്നും ഹെൽമറ്റിന്റെ കാര്യത്തിൽ ഒരു എക്സ്ക്യൂസേ അല്ലാ.

നിങ്ങളുടെ മനോഹരമായ മുഖത്തിന് പുറകിൽ, സുന്ദരമായ മുടിയിഴകൾക്ക് താഴെ തലച്ചോർ എന്ന് പറയുന്ന ജെൽ പോലത്തെ ഒരു അവയവമുണ്ട്. അതിന് പരിക്കേൽക്കാതിരിക്കാനാണ്, ഹെൽമറ്റ് വയ്ക്കാൻ പറയുന്നത്. നിന്റെ മുടിയോ, കൈയോ കാലോ പോലല്ലാ. ആ അവയവത്തിന് കേടുപറ്റിയാൽ പിന്നെ നീ നീയല്ലാ. പരിക്ക് ഗുരുതരമാണെങ്കിൽ ഉടനേ മരിക്കും. ഇനി ഓപറേഷൻ ചെയ്ത് രക്ഷപ്പെടുത്തിയാലും സാധാ ജീവിതത്തിലേക്ക് മടങ്ങി വരാൻ വർഷങ്ങളെടുക്കും. മടങ്ങി വന്നാലും പഴയ ആ ആളായിരിക്കില്ല നീ.

അതിനാൽ ഹെൽമറ്റ് ഒരു പ്രതിരോധമാണ്. അപകടത്തിന്റെ കാഠിന്യമനുസരിച്ച് അതിനെപ്പോഴും നിന്നെ രക്ഷിക്കാൻ കഴിയണമെന്നില്ല. പക്ഷെ, ഹെൽമറ്റുപയോഗിക്കുന്നത് തലച്ചോറിന് പരിക്കേൽക്കാനുള്ള സാധ്യത 69 ശതമാനവും മരിക്കാനുള്ള സാധ്യത 42 ശതമാനവും കുറയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങൾ.

ചിത്രം നോക്കൂ, നിങ്ങളുടെ മനോഹരമായ മുഖമായിരുന്നു ഈ ഹെൽമറ്റിന്റെ സ്ഥാനത്തെങ്കിലെന്ന് വെറുതേ സങ്കൽപ്പിക്കൂ. ആഹാ.. കളർഫുൾ അല്ലെ! ഈ സങ്കൽപ്പചിത്രം ഓരോ പ്രാവശ്യം വണ്ടിയെടുക്കുമ്പൊഴും നിങ്ങളുടെ മനസ്സിലേക്ക് വന്നാ മതി.

1. പിന്നെ, വാങ്ങുമ്പോൾ നല്ല ക്വാളിറ്റിയുള്ള ഹെൽമറ്റ് തന്നെ വാങ്ങുക. അതുകൊണ്ടു മാത്രം മരിക്കാതെ രക്ഷപെട്ട പലരെയും അറിയാം.

2. ചിൻ സ്ട്രാപ്പ് ധരിക്കാൻ മറക്കരുത്. അതുമൂലം മരിച്ചൊരാൾ എൻ്റെ വളരെ അടുത്ത സുഹൃത്താണ്.

3. ഏറ്റവുമധികം ബൈക്ക് അപകടങ്ങൾ നടക്കുന്നത് ഏറ്റവും നല്ല റോഡുകളിലാണ്. ഏറ്റവും ഗുരുതരമായ ഇഞ്ചുറീസ് പറ്റുന്നതും അവിടങ്ങളിലാണ്. നല്ല റോഡുകൾ നമ്മുടെ അവകാശമാണ്. അതാവശ്യപ്പെടുന്നതിൽ തെറ്റില്ല. പക്ഷെ, ഞാൻ ഹെൽമറ്റ് വയ്ക്കുന്നത്, നിങ്ങൾ റോഡ് നന്നാക്കിയിട്ടേ ഉള്ളൂവെന്ന് പറയുന്നത് മണ്ടത്തരമാണ്.മനോജ് വെള്ളനാട്

https://www.facebook.com/drmanoj.vellanad/posts/3886055394757605