കോൺഗ്രസ് മതമൗലിക സംഘടനകളുമായി കൈകോർക്കുന്നു; കേരളത്തെ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി

single-img
25 October 2020

രാജ്യത്ത് കോൺഗ്രസ് മതമൗലിക സംഘടനകളുമായി കൈകോർക്കുകയാണെന്ന് കേരളത്തെ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു നഖ്‌വിയുടെ ഈ വിമർശനം.

ജമാ യത് ഇസ്‌ലാമി, പോപ്പുലർ ഫ്രണ്ട് പോലുള്ള മതമൗലികവാദ സംഘടനകളുമായും അവയുടെ കീഴിൽ പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടി പോലുള്ള രാഷ്ട്രീയ പാർട്ടികളുമായും കോൺഗ്രസ് സഖ്യം രൂപീകരിക്കുകയും ധാരണകൾ ഉണ്ടാക്കുകയും ചെയ്യുകയാണെന്നും ഇതുവഴി രാജ്യത്ത് തീവ്രവാദം വളർത്താൻ പാർട്ടി കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എങ്ങിനെയും അധികാരത്തില്‍ എത്താനുള്ള ആര്‍ത്തി മൂലമാണ് പാർട്ടി ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും സംഘടനകളുമായി ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് ആർജെഡി നേതാവ് തേജസ്വി യാദവും കോൺഗ്രസും വ്യക്തമാക്കണമെന്നും നഖ്‌വി പറയുന്നു. ഈ വിഷയം രാഷ്ട്രീയമല്ലെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മുന്‍പ്, എം.പിയുമായ രാഹുൽ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടിൽ നടത്തിയ റാലിയിൽ കോൺഗ്രസ് പതാകളെക്കാൾ കൂടുതലായി കണ്ടത് ജമാഅത്തെ ഇസ്ലാമിയുടെ കൊടികളാണെന്നും ഇത് കണ്ട് രാജ്യമാകെ ഞെട്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.