കുടിവെള്ളം പാഴാക്കിയാല്‍ കാത്തിരിക്കുന്നത് അഞ്ച് വർഷം വരെ തടവ് അല്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴ; നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

single-img
24 October 2020

രാജ്യത്ത് ഇനിമുതല്‍ കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ഈടാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. രാജ്യത്തെ ഭൂജല സംരക്ഷണവുമായി ബന്ധപ്പെട്ട അതിപ്രധാനമായ ഉത്തരവാണ് കേന്ദ്ര ജൽ ശക്തി വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നൽകിയിരിക്കുന്നത്.

പുതിയ നിര്‍ദ്ദേശ പ്രകാരം കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. കേരളത്തില്‍ പുതിയ നിർദ്ദേശം നടപ്പാക്കുമെന്നും ഇതേ കുറിച്ച് പഠിക്കാൻ ജല അതോററ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് കുടിവെള്ളം പാഴാക്കിയാൽ 5 വർഷം തടവോ ഒരു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ.

എന്നാല്‍ കുറ്റം ആവർത്തിച്ചാൽ ദിവസവും 5000 രൂപ വരെ കണക്കാക്കി പിഴ ഈടാക്കും. 1986 ലെ പരിസ്ഥിതി നിയമം – അഞ്ചാം വകുപ്പ് പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ വന്ന ദേശിയ ഹരിത ട്രിബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിർദ്ദേശം. ഇത് പ്രകാരം സംസ്ഥാന സർക്കാരുകൾ, മുനിസിപ്പൽ കോർപറേഷനുകൾ, ജല ബോർഡുകൾ, അതോറിറ്റികൾ എന്നിവ നിർദേശങ്ങൾ നടപ്പാക്കണം.