നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാലം ജനങ്ങള്‍ തീരുമാനിക്കും; ബിജെപി ക്കെതിരെ ആഞ്ഞടിച്ചു കമലഹാസൻ

single-img
24 October 2020

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബീഹാറിലെ എല്ലാ ആളുകള്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൊവിഡ് വാക്‌സില്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെയാണ് കമല്‍ ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

സമാനമായ വാഗ്ദാനം നടത്തിയ എ.ഐ.എ.ഡി.എം.കെയ്‌ക്കെതിരേയും കമല്‍ ഹാസന്‍ വിമര്‍ശനം ഉന്നയിച്ചു. ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത വാക്‌സിന്റെ പേരിലാണ് ദുഷിച്ച വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

ആളുകളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. അവരുടെ ജീവിതം വെച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നെങ്കില്‍, നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാലം ജനങ്ങള്‍ തീരുമാനിക്കും, കമല്‍ ഹാസന്‍ പറഞ്ഞു.

കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കിക്കൊണ്ടായിരുന്നു ബീഹാറില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബി.ജെ.പിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.