മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ച പുന്നല ശ്രീകുമാർ വഞ്ചകനെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ

single-img
23 October 2020

കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാർ വഞ്ചിച്ചെന്ന് ആരോപിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ. കേസ് കൃത്യമായി അന്വേഷിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വാക്കുതന്ന പുന്നല ശ്രീകുമാർ പറ്റിക്കുകയായിരുന്നു. തങ്ങളെ ദ്രോഹിച്ച ഡിവൈഎസ്പിയുടെ സ്ഥാനക്കയറ്റം തടയാൻ പുന്നല ശ്രീകുമാർ തയ്യാറായില്ല. തിരുവനന്തപുരത്തെത്തിച്ച് മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചുവെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

വാളയാർ കേസിലെ ഇരകളെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയെന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി പുന്നല ശ്രീകുമാർ രംഗത്തെത്തി. കേസിൽ പ്രതികളെ വെറതെ വിട്ടതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. കേസിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ മുന്നിൽവച്ചു.

കോടതിയെ സമീപിക്കുന്നതിനൊപ്പം ആവശ്യത്തെ എതിർക്കരുതെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണത്തോട് എതിർപ്പില്ലെന്ന് സർക്കാരും പറഞ്ഞിരുന്നു. ആവശ്യങ്ങൾ ശരിയായ നിലയിൽ നടക്കുന്നുവെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകുന്നതിനോട് കെ.പി.എം.എസ് എതിർപ്പ് അറിയിച്ചിരുന്നു. ആ നടപടിയോട് യോജിക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തുന്ന സമരത്തിന് പിന്നിലെ ഏജൻസികളെ നിങ്ങൾക്ക് അറിയാമല്ലോ? കെ.പി.എം.എസ് ഏറ്റെടുത്ത കാര്യം ഉത്തരവാദിത്തതോടെ നിറവേറ്റും. നിലപാടിൽ നിന്ന് കെ.പി.എം.എസ് പിന്നോട്ടു പോകില്ല. നവംബറിൽ നിർണായക വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാല് പിടിപ്പിച്ചുവെന്ന ആരോപണത്തിനും പുന്നല ശ്രീകുമാർ മറുപടി പറഞ്ഞു. മുതിർന്നവരെ ബഹുമാനിക്കുന്നത് പാലക്കാടൻ സംസ്‌കാരമാണെന്നായിരുന്നു ഇതിന് ശ്രീകുമാർ നൽകിയ വിശദീകരണം.