മുതിർന്ന നേതാവ് ഏകനാഥ് ഖഡ്സെ ബിജെപിയിൽ നിന്നും രാജിവെച്ചു

single-img
21 October 2020

മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് ഏകനാഥ് ഖഡ്സെ പാർട്ടിയിൽ നിന്നും രാജിവച്ചു. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. തന്റെ ജീവിതം ദേവേന്ദ്ര ഫഡ്‌നാവിസ്‌ നശിപ്പിച്ചു എന്നും ബിജെപിയിൽ നിന്നും പുറത്തുപോകാനുള്ള കാരണം ഫഡ്‌നാവിസാണെന്നും ഖഡ്സെ പറഞ്ഞു.

അതേസമയം ഖഡ്സെ വെള്ളിയാഴ്ച്ച എൻ‌സി‌പിയിൽ ചേരുമെന്ന് എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിയുമായ ജയന്ത് പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിജെപിയുടെ ഫഡ്‌നാവിസ് മന്ത്രസഭയിൽ റവന്യു മന്ത്രി ആയിരുന്ന ഖഡ്സെ അഴിമതി ആരോപണത്തെ തുടർന്ന് 2016 ൽ രാജി വെച്ചിരുന്നു.

അടുത്തിടെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാൻ അദ്ദേഹം തയ്യാറെടുത്തെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകിയില്ല. അതോടുകൂടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ഖഡ്സെ.