ബോളിവുഡ് താരം ദീപിക പദുക്കോൺ മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരു കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുന്നു; പുറത്തു വന്നത് വൻ തട്ടിപ്പിന്റെ കഥ

single-img
17 October 2020

ഭോപ്പാൽ: മധ്യപ്രദേശിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്) പ്രകാരം തൊഴിലാളികൾക്ക് പണം അനുവദിച്ചതിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങളടക്കം ഉപയോഗിച്ച് വ്യാജ തൊഴിൽ കാർഡുകൾ തയ്യാറാക്കിയാണ് ക്രമക്കേട് നടത്തിയത്.

ഒരു ഡസനിലധികം വ്യാജ തൊഴിൽ കാർഡുകളാണ് ഖാർഗോണിലെ പിപ്പാർഖെഡാ നക ഗ്രാമപഞ്ചായത്തിൽ കണ്ടെത്തിയിരിക്കുന്നത്. ബോളിവുഡ് അഭിനേതാക്കളായ ദീപിക പദുക്കോൺ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരുടെ അടക്കം ചിത്രങ്ങളുള്ള കാർഡുകളാണ് കണ്ടെത്തിയത്. ഈ കാർഡുകൾ വഴി അനർഹരുടെ കയ്യിൽ വേതനം എത്തിയതായും കണ്ടെത്തി.

ഗോത്രവിഭാഗത്തിൽപ്പെട്ട സോനു ശാന്തിലാൽ എന്നയാളുടെ പേരിൽ നൽകിയ തൊഴിൽ കാർഡിലാണ് ദീപിക പദുക്കോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത് . എന്നാൽ സംഭവത്തെക്കുറിച്ച് അറിവില്ലെന്ന് സോനു ശാന്തിലാൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം വേതനം ആവശ്യപ്പെട്ടിട്ടില്ലെന്നും ശാന്തിലാൽ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയും എംപ്ലോയ്‌മെന്റ് അസിസ്റ്റന്റുമാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് സോനു ആരോപിച്ചു

ഈ വ്യാജ കാർഡുകൾ വഴി ലക്ഷകണക്കിന് രൂപ തട്ടിയെടുത്തതായാണ് അധികൃതർ പറയുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനേ തുടർന്ന് ഈ എങ്ങനെയാണ് കാർഡുകൾ അച്ചടിച്ചതെന്നും വേതനം കൊടുത്തതെന്നുമുള്ള അന്വേഷണത്തിന് ജില്ലാ പഞ്ചായത്ത് സിഇഒ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചതായും അധികൃതർ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്തിരുന്ന ചില തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാതെ വന്നതിനേ തുടർന്ന് തൊഴിലുറപ്പ് പദ്ധതി പോർട്ടലിൽ വിശദാംശങ്ങൾ പരിശോധിച്ചതോടയാണ് തട്ടിപ്പ് പുറത്തായത്