ശല്യപ്പെടുത്തുന്നുവെന്ന് പോലീസിൽ പരാതി നൽകിയ എട്ടാംക്ലാസുകാരിയുടെ കൈഞരമ്പ് മുറിച്ച് അപായപ്പെടുത്താൻ ശ്രമം

single-img
17 October 2020

വഴിയിൽ വച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് പോലീസിൽ പരാതി നൽകിയതിന്റെ വൈരത്തിൽ എട്ടാംക്ലാസുകാരിയുടെ കൈഞരമ്പ് മുറിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. ട്യൂഷനുപോക്കുകയായിരുന്ന തോപ്രാംകുടി സ്വദേശിനിയെയാണ് ബേക്കിലെത്തിയ രണ്ടുപേർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചത്. കൈത്തണ്ടയിൽ പരിക്കേറ്റ പെൺകുട്ടിയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

സ്കൂളിലെ ഒരു വിദ്യാർഥിയുടെ പ്രേമാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഒരു സംഘം അക്രമികൾ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നുണ്ടായിരുന്നു. വീട്ടിലെ ഫോണിൽ വിളിച്ച് നിരന്തരം അസഭ്യം പറയുകയും ബൈക്കിലെത്തിയ അഞ്ച് പേർ പെൺകുട്ടിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ അച്ഛൻ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ രണ്ട് പേർ തടഞ്ഞുനിർത്തി ബ്ലേ‍ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തി. കൈമുറിഞ്ഞ പെൺകുട്ടി അലറിക്കരഞ്ഞുകൊണ്ട് സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആ സമയംകൊണ്ട് അക്രമികൾ രക്ഷപ്പെട്ടു. നാട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

പരാതിയിൽ അക്രമികളെ കണ്ടെത്താൻ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം കരിമണൽ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. പെൺകുട്ടി അക്രമികളെ വ്യക്തമായി കണ്ടിട്ടുണ്ട്. ഒരുവട്ടംകൂടി കണ്ടാൽ തിരിച്ചറിയുമെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.

തോപ്രാംകുടി, മുരിക്കാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ് ആക്രമണത്തിന്റെ പിന്നിലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു

Content: An attempt was made to endanger the eighth grader girl who had lodged a complaint with the police alleging harassment