എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
16 October 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് എം ശിവശങ്കറിനെ തിരുവനന്തപുരത്ത് കരമനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ചികിത്സ നൽകി വരികയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ഇദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു.
ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എം ശിവശങ്കറിന്‍റെ വീട്ടിലെത്തുകയും ചെയ്തിരുന്നു, കസ്റ്റംസിന്റെ വാഹനത്തിനുള്ളില്‍ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട് . തുടർന്ന് എം ശിവശങ്കരിനെ ആശുപത്രിയിലെത്തിച്ചതും കസ്റ്റംസിന്റെ തന്നെ വാഹനത്തിലാണ് . കസ്റ്റംസ് ഉദ്യോഗസ്ഥരും ആശുപത്രിയുടെ പുറത്തുണ്ട്.