പാര്‍വതിയല്ല , എഎംഎംഎയില്‍ നിന്നും പുറത്തു പോവേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും: ഷമ്മി തിലകന്‍

single-img
15 October 2020

എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിൽ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.ഇപ്പോള്‍ ഈ നടപടിയില്‍ പാര്‍വതിയെ അഭിനന്ദിച്ചും എഎംഎംഎയിലെ ചിലരെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകൻ.

ശരിക്കും പാര്‍വതിയല്ല എഎംഎംഎയിൽ നിന്ന് രാജി വയ്‌ക്കേണ്ടതെന്നാണ് ഷമ്മി തിലകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. പകരം ഇടവേള ബാബുവും ഇന്നസെന്‍റുമാണ് സംഘടനയിൽ നിന്ന് പുറത്തുപോകേണ്ടതെന്ന് അദ്ദേഹം ഏഷ്യാവിൽ എന്ന ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

താരസംഘടനയായ എഎംഎംഎയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു ചാനൽ പരിപാടിയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ നടി പാർവതി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണ്. ഇതിന്റെ പേരില്‍ രാജിവെക്കേണ്ടത് അവരല്ല, അവര്‍മികച്ച നടിയാണ്, ഉപരി വ്യക്തിത്വമുള്ള പെൺകുട്ടിയാണ്. അവര്‍ പറഞ്ഞതുപോലെ പുറത്തു പോകേണ്ടത് ഇടവേള ബാബുവാണ്. അതിന്റെ കൂടെ മുൻ പ്രസിഡന്‍റായിരുന്ന ഇന്നസെന്‍റും. തന്റെ അച്ഛൻ തിലകനെതിരെ മുമ്പ് നിലകൊണ്ടവരാണവർ എന്നും ഷമ്മി പറഞ്ഞു.

ചാനല്‍ അഭിമുഖത്തില്‍ ഇടവേള ബാബു മരിച്ചവരെ എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞത് തിലകനെ കുറിച്ചുകൂടിയാണെന്ന് താന്‍ കാണുന്നു. എഎംഎംഎ എന്ന സംഘടന ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളൊരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. അതില്‍ നിന്നും ആരെയും പുറത്താക്കാനുള്ള അധികാരം സംഘടനയിൽ ആര്‍ക്കും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.