ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ഭാനു അതയ്യ അന്തരിച്ചു

single-img
15 October 2020

പ്രശസ്ത കോസ്റ്റിയൂം ഡിസൈനറും രാജ്യത്തിന്റെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ ഭാനു അതയ്യ (91) അന്തരിച്ചു. ദീര്‍ഘകാലമായി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഭാനു അതയ്യ സൗത്ത് മുംബൈയിലെ വസതിയില്‍ വച്ചാണ് ഇന്ന് മരിച്ചത്. 1983ല്‍ പുറത്തിറങ്ങിയ ‘ഗാന്ധി’ എന്ന സിനിമയുടെ കോസ്റ്റിയൂം ഡിസൈനിംഗിനാണ് ഭാനു അതയ്യയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.

അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1956ല്‍ ‘സിഐഡി’ എന്ന സിനിമയിലൂടെയായിരുന്നു കോലാപൂര്‍ സ്വദേശിയായ ഭാനു സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഇവര്‍ കരിയറില്‍ നൂറോളം ചിത്രങ്ങളില്‍ ഭാഗമായി.
അന്‍പത് വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ തെരഞ്ഞെടുത്ത പ്രോജക്ടുകളുടെ മാത്രം ഭാഗമാകാനായിരുന്നു ഇവരുടെ തീരുമാനം. അതിന് ശേഷം 1990ല്‍ പുറത്തിറങ്ങിയ ‘ലേകിന്‍’, 2001ല്‍ പുറത്തിറങ്ങിയ ‘ലഗാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

ഭാനു അതയ്യയ്ക്ക് എട്ട് വര്‍ഷം മുമ്പാണ് തലച്ചോറില്‍ ട്യൂമറാണെന്ന് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീണ്ട കാലത്തോളം ചികിത്സയിലായിരുന്നു. ഇപ്പോള്‍ അവസാനമൂന്ന് വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലുമായിരുന്നു.