ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് സീറ്റുകൊടുക്കുന്നതിനെ എതിർത്ത വനിതാപ്രവർത്തകയ്ക്ക് കോൺഗ്രസ് യോഗത്തിൽ മർദ്ദനം

single-img
11 October 2020

ലക്നൌ: ഉത്തർപ്രദേശിൽ കോൺഗ്രസ് യോഗത്തിനിടെ വനിതാ പ്രവർത്തകയ്ക്ക് സഹപ്രവർത്തകരുടെ ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്. ബലാത്സംഗക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനത്തെ എതിർത്തതിനാണ് മർദ്ദനമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗൊരഖ്പൂരിനടുത്തുള്ള ദേവരിയ(Deoria) മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന കോൺഗ്രസ് (Congress) യോഗത്തിലാണ് സംഭവം. ടൌൺ ഹാളിൽ സ്ഥിതി ചെയ്യുന്ന കോൺഗ്രസ് ഓഫീസിൽ വെച്ചായിരുന്നു യോഗം.

ബലാത്സംഗക്കേസിൽ പ്രതിയായ മുകുന്ദ് ഭാസ്കർ മണിയെ (Mukund Bhaskar Mani) ഉപതെരെഞ്ഞെടുപ്പിൽ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനത്തെ എതിർത്ത താരാ ദേവി യാദവ് (Tara Devi Yadav) എന്ന മഹിളാ കോൺഗ്രസ് പ്രവർത്തകയെ ആണ് മറ്റ് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് മർദ്ദിച്ചത്.

“ ഒരു വശത്ത് നമ്മുടെ പാർട്ടി നേതാക്കൾ ഹാഥ്രസ് (Hathras) പെൺകുട്ടിയുടെ നീതിക്കായി പോരാടുന്നു. മറ്റൊരിടത്ത് പാർട്ടി ബലാത്സംഗക്കേസിലെ പ്രതിയായ ഒരാൾക്ക് ടിക്കറ്റ് നൽകുന്നു. ഇത് തെറ്റാണ്. ഇത് നമ്മുടെ പാർട്ടിയുടെ ഇമേജിനെ ബാധിക്കും.”

താരാ ദേവി യോഗത്തിൽ പറഞ്ഞു.

താരാ ദേവിയെ മർദ്ദിക്കുന്നതിന്റെ മൊബൈൽ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഒരുകൂട്ടം പുരുഷന്മാർ ഇവരെ മർദ്ദിക്കുന്നതും തള്ളിമാറ്റുന്നതും വീഡിയോയിൽ കാണാം. പിന്നീട് രണ്ടുപേർ വന്ന് അവരെ രക്ഷിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ താരാ ദേവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Content: Female Congress worker thrashed after opposing nomination of rape accused for UP bypolls