സൗന്ദര്യ വർദ്ധക വിവരണ യൂട്യൂബ് ചാനലുമായി തട്ടിപ്പും പീഡനവും; യൂട്യൂബർ പോലീസ് പിടിയിൽ

single-img
9 October 2020

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നാറിൽ പീഡിപ്പിച്ചു മുങ്ങിയ യൂട്യൂബർ പോലീസ് പിടിയിൽ. സൗന്ദര്യ വർദ്ധക വിവരണ യൂട്യൂബ് ചാനൽ നടത്തുന്ന പെരുമ്പാവൂർ അറക്കപ്പടി കൊക്കാടി വീട്ടിൽ ആഷിക്കാണ് (23) പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഇയാളെ മൂവാറ്റുപുഴ പോലീസാണ് അറസ്റ്റു ചെയ്തത്.

രണ്ടുമാസം മുൻപാണ് യുട്യൂബർ ആഷിക്ക് ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്. പരിചയപ്പെടലിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഇരുവരും ബൈക്കിൽ മൂവാറ്റുപുഴയിൽ നിന്ന് മൂന്നാറിന് പോയി എന്ന് പോലീസ് അറിയിച്ചു. അന്ന് സന്ധ്യയോടെ പെൺകുട്ടിയുടെ വീടിനടുത്ത് കൊണ്ടുവിട്ടു. യാത്രയ്ക്കിടയിൽ പെൺകുട്ടിയുടെ ഫോണിലെ ഫേസ്ബുക്ക് അക്കൗണ്ടും, സേവ് ചെയ്ത ഇയാളുടെ ഫോൺ നമ്പറും നീക്കിയശേഷം തന്ത്രപരമായി മുങ്ങുകയായിരുന്നു.

പെൺകുട്ടി എത്താൻ വൈകിയതോടെ വീട്ടുകാർ പരാതി നൽകി. പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി വീട്ടിൽ തിരിച്ചെത്തി. പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയതോടെ മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ എംഎ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വിലാസം കണ്ടെത്തി പിടികൂടുകയായിരുന്നു. മൂവാറ്റുപുഴ കോടതി ഇയാളെ റിമാൻഡ് ചെയ്തു.