അബുദാബി യാത്ര സ്വന്തം ചെലവിലെന്ന് സ്മിത മേനോൻ; വി മുരളീധരനൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുത്തു

single-img
9 October 2020

സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ രീതിയിൽ തന്റെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോന്‍ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ഐടി ആക്ട് പ്രകാരമുള്ള കേസ് ഇൻസ്‌പെക്ടർ സിബി ടോമിൻ അന്വേഷിക്കും.

കേന്ദ്രമന്ത്രി വി മുരളീധരനൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം മോശം കമന്റുകൾ സഹിതമാണ് ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്മിതാ മേനോന്റെ പരാതി. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് നൽകിയ പരാതിയിന്മേലാണ് അന്വേഷണം.

താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ അനുവാദം കൂടാതെ എടുത്താണ് അപവാദ പ്രചാരണം നടത്തുന്നത് എന്ന് സ്മിത പറഞ്ഞു. ഒരു അന്താരാഷ്ട്ര കോൺഫറൻസിൽ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്ത ചിത്രം വച്ചാണ് പ്രചാരണം. അബുദാബിയിൽ വച്ച് നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ പരിപാടിയാണ് വേദി. സ്വന്തം ചെലവിലാണ് അവിടെ പോയതും പങ്കെടുത്തതും. സർക്കാർ ഒരു തരത്തിലും ചെലവ് വഹിക്കേണ്ടി വന്നിട്ടില്ല. അന്നത്തെ പത്രക്കുറിപ്പ് തയാറാക്കി അനുമതിക്കായുള്ള കാത്തിരിപ്പിനിടെ പകർത്തിയ ചിത്രമാണിത്.- സ്മിത ന്യൂസ് 18 നോട് പറഞ്ഞു.

ഒരു ആഗോള ബിസിനസ് കോൺഫറൻസ് കവർ ചെയ്തുള്ള പരിചയം ലഭിക്കുമെന്ന ലക്ഷ്യത്തിലാണ് സ്വന്തം പണം മുടക്കി അബുദാബിക്ക് പോയത്. താൻ സ്വന്തം തൊഴിലാണ് ചെയ്തത്. കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് മാനസിക വിഷമത്തിനു കാരണമാക്കിയിട്ടുണ്ട് എന്നും സ്മിത പറഞ്ഞു. സ്മിത 2007 മുതൽ കൊച്ചിയിൽ പിആർ ഏജൻസി നടത്തുകയാണ്.