തട്ടിപ്പിന്റെ ചുരുളഴിയുന്നു; വന്ധ്യതാ ആശുപത്രിയിലെ ഡോക്​ടർ​ അച്ഛനായത്​ 17 തവണ

single-img
7 October 2020

വന്ധ്യതാ ആശുപത്രിയിൽ നടന്ന തട്ടിപ്പി​ന്റെ ചുരുളഴിയുന്നു. നെതർലൻഡ്​സിലെ കിഴക്കൻ ഡച്ച് നഗരമായ സ്വൊല്ലെയിലെ ഇസാല വന്ധ്യതാ ആശുപത്രിയിലാണ്​ സംഭവം. ചികിത്സക്കെത്തിയ കുട്ടികളില്ലാത്ത ദമ്പതികൾ സ്വീകരിച്ചത്​ ആശുപത്രിയിലെ ഡോക്​ടറുടെ തന്നെ ബീജം ആയിരുന്നു, അജ്ഞാത ദാതാക്കളിൽ നിന്ന് ലഭിക്കുന്നുവെന്ന് കരുതിയാണ്​ ഇവരെല്ലാം കൃത്രിമ ബീജധാരണം നടത്തിയത്​. 1981 മുതൽ 1993 വരെ ഇവിടെ ജോലിചെയ്​തിരുന്ന ജാൻ വൈൽഡ്‌ഷട്ട് എന്ന ഡോക്​ടറാണ്​ തട്ടിപ്പിന്​ പിന്നിൽ. എന്നാൽ ഡോക്ടർ ഇപ്പോൾ ജീവിച്ചിരിപ്പില്ല.

മരിച്ച ഗൈനക്കോളജിസ്റ്റിന്​ ഇപ്രകാരം 17 കുട്ടികളെങ്കിലും ജനിച്ചുവെന്ന് ഡച്ച് ആശുപത്രി ചൊവ്വാഴ്ച അറിയിച്ചു. നിയമപരമായ കുട്ടികൾക്ക് പുറമെ മുൻ ഗൈനക്കോളജിസ്റ്റിന്​ മൊത്തം 17 കുട്ടികൾകൂടിയുണ്ടെന്നാണ്​ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്’- ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് ഇയാൾ കൂടുതൽപേർക്ക്​ ബീജം നൽകിയിട്ടുണ്ടൊ എന്നും ഡച്ച്​ അധികൃതർ അന്വേഷിക്കുന്നുണ്ട്​. ആശുപത്രിയിൽ നിന്ന്​ ജനിച്ച കുട്ടികളിലൊരാൾ നടത്തിയ ഡി.എൻ.എ മാപ്പിങ്ങാണ്​ തട്ടിപ്പിന്റെ ചുരുളഴിച്ചത്​.

മാപ്പിങ്ങിൽ ഡോക്​ടർ വൈൽഡ്‌ഷട്ടിന്റെ മരുമകളുമായി ഡിഎൻ‌എ പൊരുത്തം കണ്ടെത്തുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ തന്റെ മാതാവിന്​ ബീജം ലഭിച്ചത്​ ഡോക്​ടറിൽ നിന്നാണെന്ന്​ കുട്ടി കണ്ടെത്തിയത്​. ഡച്ച്​ നിയമം അനുസരിച്ച്​ 16 വയസുമുതൽ ഇത്തരം കുട്ടികൾക്ക്​ തങ്ങളുടെ ദാതാവിന്റെ ഐഡൻറിറ്റി കണ്ടെത്താൻ അവകാശമുണ്ട്. ഇതിനുമുമ്പും നെതർലൻഡ്​സിൽ ഇത്തരം വിവാദം ഉണ്ടായിരുന്നു. റോട്ടർഡാമിലെ വന്ധ്യത ക്ലിനികിലെ ഡച്ച് ഡോക്ടർ 49 പേർക്ക്​ ബീജം നൽകി കുട്ടികളെ ജനിപ്പിച്ചുവെന്ന് കഴിഞ്ഞ വർഷം തെളിഞ്ഞിരുന്നു.