സി-ഹെഡിന് ഹഡ്‌കോ ദേശിയ അവാർഡ്

single-img
7 October 2020

നഗര ജീവിതവും പരിസ്ഥിതിയും മെച്ചപ്പെടുത്താനുള്ള മികച്ച പരിശ്രമങ്ങൾക്ക് കേന്ദ്ര നഗരകാര്യ-ഭവന മന്ത്രാലയത്തിന്റെ സ്ഥാപനമായ ഹഡ്‌കോയുടെ ദേശിയ പുരസ്‌കാരം സി-ഹെഡിന്. 2019-2020 വര്‍ഷത്തെ അവാര്‍ഡാണ്‌ പ്രഖ്യാപിച്ചത്‌. ഭരണ നിര്‍വ്വഹണത്തിനും പരിപാലനത്തിലും മികച്ച മോഡല്‍ എന്ന വിഭാഗത്തിലാണ്‌ സി-ഹെഡിന്റെ അവാര്‍ഡ്‌ നേട്ടം. സി-ഹെഡിന് ലഭിച്ച പുരസ്‌കാരം അവാര്‍ഡ്‌ കൊച്ചി നഗരത്തിന്‌ ലഭിച്ച മികച്ച അംഗീകാരമാണെന്ന്‌ സി-ഹെഡ്‌ ചെയര്‍പേഴ്‌സണ്‍ കൂടിയായ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

കൊച്ചി നഗരത്തിലെ വിവിധ ആധുനിക നഗരവികസന പദ്ധതികളുടെ രൂപീകരണത്തിലും ആസൂത്രണത്തിലും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനാട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ്‌ സെന്റര്‍ ഫോര്‍, ഹെറിറ്റേജ്‌, എന്‍വയോണ്‍മെന്റ്‌ ആന്റ്‌ ഡെവലപ്‌മന്റ്‌ (സി-ഹെഡ്‌). 2002 ല്‍ മേയറായുരുന്ന ശ്രീ സി.എം. ദിനേശ്‌മണിയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ച തനതായ ഈ സ്ഥാപനം ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങളും സംഘടനകളുമായി കൊച്ചി നഗരത്തിന്റെ ബന്ധം സുദൃഡമാക്കുന്നതില്‍ മികച്ച സേവനങ്ങള്‍ നല്‍കിയാണ്‌ മാതൃകയായത്‌.

ആധുനിക ലോകം മുന്നോട്ടുവെക്കുന്ന നവനഗരസങ്കല്‍പ്പങ്ങള്‍ ഒത്തിണങ്ങിയ സ്‌മാര്‍ട്ട്‌ നഗരമായി കൊച്ചിയെ രൂപപ്പെടുത്താനും കൊച്ചിയുടെ സുസ്ഥിര വികസന സങ്കല്‍പ്പങ്ങളെ പുതിയൊരു തലത്തിലെത്തിക്കാനും സി-ഹെഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അംഗീകരിക്കപ്പെടുകയാണ്‌. അബുദാബിയില്‍ ഫെബ്രുവരിയില്‍ വച്ച നടന്ന വേള്‍ഡ്‌ അര്‍ബന്‍ ഫോറത്തില്‍ സി-ഹെഡിനെ ആദരിക്കുകയും ചെയ്‌തു.