അർണാബിന്റേത് വെറും റിപ്പബ്ലിക്ക് ചാനലല്ല; വാഴയ്ക്കാ റിപ്പബ്ലിക്ക് ചാനലെന്ന് രാജ്ദീപ് സർദേശായി

single-img
6 October 2020

ഇന്ത്യ ടുഡേ ചാനൽ ചർച്ചയ്ക്കിടെ റിപ്പബ്ലിക്ക് ടിവി മേധാവിയെയും അദ്ദേഹത്തിന്റെ നിലപാടിനുമെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. അർണാബ് ഗോസ്വാമിയുടേത് തരംതാണ പ്രകടനമാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രൈംടൈം ഡിബേറ്റിലായിരുന്നു സർദേശായിയുടെ വിമർശനം.

‘മാധ്യമ പ്രവർത്തനമെന്നാൽ ഇതല്ല. താങ്കളുടെ താണ നിലവാരത്തിലേക്ക് വാർത്താ ചാനലായ റിപ്പബ്ലിക്ക് ടിവിയെ വലിച്ചിഴക്കരുത്. മാധ്യമ മര്യാദ എന്ന ഒന്നുണ്ട്. അത് പാലിക്കാൻ തയ്യാറാകണം.’- ഇന്ത്യ ടുഡേ ഗ്രൂപ്പ് കൺസൽട്ടിങ് എഡിറ്ററായ രാജ്ദീപ് പറഞ്ഞു. അർണാബ് ഗോസ്വാമിയുടേത് വെറും റിപ്പബ്ലിക്ക് ചാനലല്ല; വാഴയ്ക്കാ റിപ്പബ്ലിക്ക് ചാനലെന്നും രാജ്ദീപ് പരിഹസിച്ചു.

ബോളിവുഡ്​ താരം സൽമാൻഖാനെ ലക്ഷ്യംവെച്ച്​ അർണബ് റിപബ്ലിക്​​ ചാനലിൽ നടത്തുന്ന ആക്രോശങ്ങൾ ചൂണ്ടിക്കാട്ടി ‘കപിൽ ശർമ ഷോ’ എന്ന പരിപാടിയിലെ കികു ശർദയും ക്രുഷ്​ന അഭിഷേകും റോസ്​റ്റിങ്​ നടത്തിയതിന്​ പിന്നാലെയാണ്​ സർദേശായിയുടെ പ്രതികരണം. ഈ പ്രതികരണമടങ്ങുന്ന വീഡിയോ ബൈറ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ടെലിവിഷൻ സ്റ്റുഡിയോയിൽ അല്ല റിപ്പബ്ലിക്ക് ചാനൽ റിപ്പോർട്ടർമാർ നിൽക്കേണ്ടത്, സർക്കസ് കൂടാരത്തിലാണ്. കാരണം അവർ ഒരു കൂട്ടം കോമാളികളാണ്. മാധ്യമ പ്രവർത്തനമെന്നാൽ ഇതല്ല കേട്ടോ.’ എന്നായിരുന്നു രാജ്ദീപ് സർദേശായിയെ പിന്തുണച്ച് കൊണ്ട് വന്ന ഒരു ട്വീറ്റിലെ പരാമർശം.

റിപ്പബ്ലിക്ക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫായ അർണാബ് ഗോസ്വാമിയുടേത് വ്യക്തിഹത്യ നടത്തി ആക്രോശിക്കുന്ന സ്വഭാവമെന്ന വിമർശനവുമായി റിപ്പബ്ലിക് ടിവി മുൻ ബ്യൂറോ ചീഫ് തേജീന്ദർ സിങ് സോധിയും രംഗത്തെത്തിട്ടിരുന്നു. റിപ്പബ്ലിക്ക് ടിവിയിലെ മറ്റു മാധ്യമപ്രവർത്തകർക്ക് പദവികൾ പേരിന് മാത്രമേ ഉള്ളു. മുതിർന്ന മാധ്യമ പ്രവർത്തകരെ പോലും നോക്കുകുത്തികളാക്കുന്ന സമീപനമാണ് അർണാബിനെന്നും തേജീന്ദർ സിങ് വെളിപ്പെടുത്തിയിരുന്നു.

അര്‍ണാബ് മഹാരാഷ്ട്ര പോലീസിനെ വിരട്ടുകയാണെന്ന് ആരോപിച്ച് മുൻപ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഖാന്തിരമാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നത്.