രാജകുമാരന്‍ യുപിയിൽ നിന്നിറങ്ങി വയനാട്ടില്‍ സ്വന്തം മണ്ഡലം നോക്കാന്‍ എഴുന്നള്ളണം; രാഹുലിനെതിരെ പരിഹാസവുമായി ശോഭ സുരേന്ദ്രന്‍

single-img
6 October 2020

ഉത്തർപ്രദേശിൽ നിന്ന് ഒന്നിറങ്ങി ഈ വയനാട്ടിൽ സ്വന്തം മണ്ഡലം നോക്കാൻ രാജകുമാരൻ എഴുന്നള്ളേണ്ടിയിരിക്കുന്നു എന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ‘സ്ഥിരമായി ഒരു പ്രസിഡന്റ്‌ പോലുമില്ലാത്ത’ കോൺഗ്രസ്സ് പാർട്ടിയുടെ നേതാവാണ് രാഹുൽ. ഹാഥ്രസിലെ ദളിത് പെണ്‍കുട്ടിയുടെ മരണം ബിജെപി സര്‍ക്കാരിന് എതിരെ വന്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് അവർ, ബിജെപി നേതാവ് വിമർശിച്ചു.

ദളിത് സംരക്ഷകന്‍ എന്നത് രാഹുല്‍ ഗാന്ധിക്ക് ചേരാത്ത വേഷമാണ് എന്ന് ശോഭാ സുരേന്ദ്രന്‍ നേരത്തെ വിമർശിച്ചി രുന്നു. കയറിക്കിടക്കാന്‍ കൂരയില്ലാതെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വീണ്ടും ശോഭാ സുരേന്ദ്രന്‍ വിമർശനവുമായി എത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചാം തിയതി രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തില്‍ അറുപത്തിരണ്ടു വയസ്സുള്ള വിശ്വനാഥന്‍ എന്നയാള്‍ മരിച്ചിരുന്നുവെന്നും ഒരു വീടെന്ന മോഹം നടക്കാതെ വന്നതോടെയാണ് വിശ്വനാഥന്‍ ജീവിതമവസാനിപ്പിച്ചതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. “സംസ്കാര ചടങ്ങുകൾക്കായി, ഒന്നര മൈൽ നടന്ന് പോയാണ് ശവശരീരം മറവ് ചെയ്തത്. ഉത്തർ പ്രദേശിൽ അല്ലാത്തതിനാൽ വാർത്തയാകാഞ്ഞതാകും. എം പിയുടെ പേര് രാഹുൽ ഗാന്ധി എന്നാണ്. ഉത്തർപ്രദേശിൽ നിന്ന് ഒന്നിറങ്ങി ഈ വയനാട്ടിൽ സ്വന്തം മണ്ഡലം നോക്കാൻ രാജകുമാരൻ എഴുന്നള്ളേണ്ടിയിരിക്കുന്നു.”- ശോഭാ സുരേന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.