‘ഹാഥ്രസ് കുടുബത്തിന്റെ നീതിയ്ക്കുവേണ്ടി പോരാട്ടം തുടരും’; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹാഥ്രസ് സന്ദര്‍ശിച്ച ഇടത് നേതാക്കള്‍

single-img
6 October 2020

ഹാഥ്രസിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെ തുടർന്ന് കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സി പി എം, സി പി ഐ പാർട്ടികളുടെ ദേശീയ നേതാക്കൾ സന്ദർശിച്ചു. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവരാണ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചത്. സി പി ഐ ദേശീയ സെക്രട്ടറി അമർജീത് കൗർ, സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഹിരലാൽ യാദവ്, സി പി ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശർമ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കുടുംബത്തിന് വേണ്ടത് നീതിയാണെന്നും അത് ഉറപ്പാക്കണമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

‘ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി രക്ഷിതാക്കളെ കണ്ടു. അര്‍ധരാത്രി നിര്‍ബന്ധിച്ച് മൃതദേഹം കത്തിക്കുന്ന നടപടിയൊക്കെ 21ാം നൂറ്റാണ്ടില്‍ കേട്ടു കേള്‍വിയില്ലാത്തതാണ്. ഭരണഘടന പൗരന് അനുശാസിക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഞങ്ങള്‍ അവരോട് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇത് അവരോടുള്ള സഹതാപം കൊണ്ടല്ല. അവള്‍ക്ക് നീതി കിട്ടുന്നതിന് വേണ്ടി, ഈ ഭരണഘടനയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി, ഈ വ്യവസ്ഥിതിയുടെ നീതിയ്ക്കുവേണ്ടി ഞങ്ങള്‍ പോരാടുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഹാത്രാസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനും കരുതികൂട്ടി അക്രമമുണ്ടാക്കാനുമാണ് പ്രദേശത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നതെന്നാരോപിച്ച് ഹാഥ്രസ് വിഷയത്തിൽ പൊലീസ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.