ലോകത്തിൽ ആകെയുള്ളത് ഒരേയൊരു മരം: കേരളത്തിലെ ഒരു കാവിൽ ആയിരവില്ലിക്കൊപ്പം ആ മരവും ആരാധിക്കപ്പെടുന്നു

single-img
5 October 2020

വംശനാശം നേരിട്ടുവെന്നു കരുതിയിരുന്ന ഒരു മരം കേരളത്തിൽ കണ്ടെത്തി. സപ്പോട്ട കുടുംബത്തിലെ ഇലിപ്പ എന്ന സസ്യജനുസില്‍പ്പെട്ട ‘കാവിലിപ്പ’ എന്ന മരമാണ് കൊല്ലം ജില്ലയില്‍ നിന്ന് കണ്ടെത്തിയത്. പരവൂരിനടുത്ത് കൂനയില്‍ ആയിരവില്ലി കാവിൽ ആരാധിച്ചു വന്നിരുന്ന മരം ഒടുവിൽ കാവിലിപ്പയാണ് എന്ന് തിരിച്ചറിയുകയായിരുന്നു. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞരാണ് പ്രസ്തുതമരത്തിന്റെ ഇനവും പ്രത്യേകതയും കണ്ടെത്തിയത്. 

ശ്വാസകോശ, ദന്ത, വാതരോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കാവുന്ന മരമാണ് ഇലിപ്പ. ഈ ജാതിയില്‍പ്പെട്ട മരം ഒറ്റനോട്ടത്തില്‍ ആറ്റിലിപ്പയെന്നു തോന്നുമെങ്കിലും ഇലയുടെ ശാഖാഗ്രത്തിലെ കൗതുകം കണ്ട് പഠന വിധേയമാക്കുകയായിരുന്നു. തുടർന്നാണ് മരം കാവിലിപ്പയാണെന്ന് സ്ഥിരീകരിച്ചത്. 

റോബര്‍ട്ട് വൈറ്റ് എന്ന ബ്രട്ടീഷുകാരന്‍1835ല്‍ ഈ മരം കണ്ടെത്തിയെന്നും തുടര്‍ പഠനങ്ങളൊന്നും നടക്കാത്തതു മൂലം ആരും അറിഞ്ഞിരുന്നില്ലെന്നും ചില രേഖകൾ വ്യക്തമാക്കുന്നുണ്ട്. സര്‍പ്പക്കാവുകളിലെ ജൈവവൈവിധ്യത്തെപ്പറ്റി പാലോട് ജെഎന്‍ടിബിജി ആര്‍ഐയിലെ ഡോ. ഇ എസ് സന്തോഷ്‌കുമാര്‍, ഡോ. എസ് ഷൈലജ കുമാരി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് മരം ശ്രദ്ധയില്‍പ്പെട്ടത്. 

ലോകത്തു തന്നെയുള്ള ഏക മരമാണ് ഇത്.  180 വര്‍ഷത്തിനിപ്പുറമാണ് ഇതിനെ കണ്ടെത്തുന്നത്. ഈ മരത്തിന് 300 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ.

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വൃക്ഷങ്ങളുടെ പട്ടികയില്‍ ഈ മരത്തിനും സ്ഥാനമുണ്ട് എന്നുള്ളതും കൗതുകകരമാണ്. ആയിരവില്ലി കാവിൻ്റെ മുറ്റത്താണ് ഈ മരം സ്ഥിതി ചെയ്യുന്നത്. കാഴ്ചക്കാർക്ക് അത്ഭുതം സമ്മാനിക്കുന്ന ഈ മരത്തിന് നിരവധി ഔഷധ ഗുണങ്ങളും ഉണ്ടെന്നു കരുതുന്നു. 

വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഇരിപ്പ കൂനയില്‍ കാവ് വളപ്പില്‍ ഉണ്ടെന്ന വിവരം വനംവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. പഠനാവശ്യങ്ങൾക്കായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണു മരത്തിൻ്റെ പേരു വിവരങ്ങളും ഗുണങ്ങളും  ജനം അറിയുന്നത്. എന്നാല്‍ വനംവകുപ്പ് എത്തുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ക്ഷേത്ര ഭരണസമിതി ഇരിപ്പയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. ചുറ്റിനും പാര്‍ശ്വഭിത്തികള്‍ കെട്ടിയാണ് മരത്തെ സംരക്ഷിച്ചിരിക്കുന്നത്. 

പുറ്റിങ്ങല്‍ ദേവിയെയും പാര്‍വതി ദേവിയെയും ഇരിപ്പയുടെ ചുവട്ടിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത്. 20 മീറ്റര്‍ ഉയരത്തില്‍ മാത്രമാണു വളര്‍ച്ചയെങ്കിലും  ഒട്ടേറെ ശിഖരങ്ങളും ഉപശിഖരങ്ങളും മധുരമുള്ള പൂക്കളും ഈ മരത്തിൻ്റെ പ്രത്യേകതയാണെന്നും ഗവേഷകർ പറയുന്നു.