രാജ്യത്ത് അവശ്യവസ്‌തുക്കളുടെ‌ വിലക്കയറ്റം 19 ശതമാനം കൂടി; കേരളത്തിൽ 10 പ്രധാന ഇനങ്ങൾക്ക്‌ 34 ശതമാനംവരെ വില കുറഞ്ഞു റിപ്പോർട്ട്

single-img
2 October 2020

രാജ്യത്ത് ഭക്ഷ്യവസ്‌തുക്കളുടെ വില19 ശതമാനം ഉയർന്നതായി റിപ്പോർട്ട്. ഭക്ഷ്യവിലക്കയറ്റം രാജ്യത്ത്‌ 9.6 ശതമാനമായി. ഇറച്ചി, മീൻ തുടങ്ങിയവയുടെ വില 18.8 ശതമാനം ഉയർന്നു. പയറുവർഗങ്ങൾക്ക്‌ 15.9, ഭക്ഷ്യ എണ്ണ 12.4, പച്ചക്കറി 11.3, പലവ്യഞ്‌ജനം‌ 13.3 എന്നിങ്ങനെയാണ്‌ വിലക്കയറ്റത്തിന്റെ ശതമാന നിരക്ക്‌. ദേശീയതലത്തിൽ ധാന്യ വിലവർധന ആറര ശതമാനമാണ്‌.

അതേസമയം, കേരളത്തിൽ അരിയുടെ വിലയിൽ ഒരിനത്തിനും അഞ്ചു ശതമാനത്തിനപ്പുറം വിലക്കയറ്റമുണ്ടായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളാണ്‌ വിലനിയന്ത്രണം സാധ്യമാക്കിയതെന്ന്‌ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷനിലെ പ്യാരലാൽ രാഘവൻ, ജോർജ്‌ ജോസഫ്‌ എന്നിവർ നടത്തിയ പഠനം വ്യക്തമാക്കി. റേഷനായും ഭക്ഷ്യക്കിറ്റുകളായും ജനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചതും പൊതുവിപണിയിലെ വിലക്കയറ്റത്തെ വരുതിയിലാക്കി. കോവിഡ്‌കാലത്ത്‌ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അവശ്യവസ്‌തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്തിയ ഏക സംസ്ഥാനമായി കേരളം എന്നാണ് വിലയിരുത്തൽ.

സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ കണക്കുകളിൽ കഴിഞ്ഞ ജൂണിൽ സംസ്ഥാനത്ത്‌ മൊത്തത്തിൽ വിലക്കയറ്റം 3.7 ശതമാനമായിരുന്നു. പച്ചക്കറികൾക്ക്‌ മൊത്തത്തിൽ രണ്ടുശതമാനം മാത്രമാണ്‌ വില കൂടിയത്‌. 10 പ്രധാന ഇനങ്ങൾക്ക്‌ 34 ശതമാനംവരെ വില കുറഞ്ഞു എന്നും പഠനം വ്യക്തമാക്കുന്നു.