രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്: കോടിയേരി ബാലകൃഷ്ണന്‍

single-img
2 October 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്ഐ ഫോണ്‍ നല്‍കിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങിയെന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കോടിയേരി പറഞ്ഞു.

കോടിയേരിയുടെ വാക്കുകള്‍ ഇങ്ങിനെ: ഇപ്പോഴത്തെ വിവാദത്തില്‍ യൂണിടാകിന്റെ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതിയില്‍ അദ്ദേഹം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ പ്രശ്‌നമുന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു.

ആ സമയം രമേശ് ചെന്നിത്തലയ്ക്കും മറ്റുള്ളവര്‍ക്ക് വേണ്ടിയും നല്‍കാന്‍ ഈ വിവാദ സ്ത്രീ ആവശ്യപ്പെട്ടതിനുസരിച്ച് ഐഫോണ്‍ നല്‍കിയെന്ന കാര്യമാണ് യൂണിടാകിന്റെ ആളുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ചൂണ്ടിക്കാട്ടുന്നത്. ഈ നടപടിയില്‍ നിന്നും വ്യക്തമാവുന്നത് യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നുവെന്നാണ്.

അദ്ദേഹം സ്വപ്‌ന സുരേഷിന്റെ കൂടെ ഈ പരിപാടിയില്‍ പങ്കെടുത്തുവെന്ന കാര്യം ഈ സത്യവാങ്മൂലത്തോട് കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. അതിന് പുറമേ ആ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം എന്ന നിലയില്‍ ഐഫോണ്‍ വാങ്ങിയെന്നതും കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്.

ഇത് സൂചിപ്പിക്കുന്നത് കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പാരിതോഷികം വാങ്ങിയെന്ന് തന്നെയാണ്. ഈ രീതിയില്‍ പാരിതോഷികം വാങ്ങിയതിനെയാണ് അദ്ദേഹം ഇത്രയും കാലം എതിര്‍ക്കുകയും അത് പ്രോട്ടോകോള്‍ ലംഘനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെടുകയും ചെയ്തത്.

സംസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഈത്തപ്പഴം വാങ്ങുന്നതും ഖുര്‍ആന്‍ വാങ്ങുന്നതുമെല്ലാം പ്രോട്ടോകോള്‍ ലംഘനമാണ് എന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് എങ്ങിനെയാണ് ഐഫോണ്‍ ആ പരിപാടിയില്‍ പോയി വാങ്ങിക്കുന്നത്. അങ്ങിനെചെയ്യുന്നത് പ്രോട്ടോകോളിന്റെ ലംഘനമല്ലേ. മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തലയും അങ്ങനെയാണെങ്കില്‍ രാജിവെക്കണ്ടതല്ലേ. എന്നാല്‍ അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ഞാനൊരിക്കലും പറയില്ല.

അതിനുള്ള കാരണം അദ്ദേഹം പ്രതിപക്ഷ നേതാവായി തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത് എന്നുള്ളതുകൊണ്ട് തന്നെയാണ്.ഇപ്പോഴത്തെ പോലെ അദ്ദേഹം ആ സ്ഥാനത്ത് തുടരട്ടെ. ഇപ്പോള്‍ എങ്കിലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നിപ്പോള്‍ മനസിലായില്ലേ.