കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമരം വ്യാപിപ്പിക്കും: കെ സുരേന്ദ്രൻ

single-img
29 September 2020

തിരുവനന്തപുരം വിമാന താവളം വഴിനടന്ന സ്വർണ്ണകടത്ത് കേസിൽ പ്രക്ഷോഭം ഇനിയും ശക്തിപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും കൂടുതൽ സ്ഥലങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുകയെന്ന് സുരേന്ദ്രന്‍ അറിയിച്ചു.
നിലവില്‍ കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കുന്നത് വരെ സമര പരിപാടികൾ ശക്തിപ്പെടുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍, സ്ത്രീകള്‍ എന്നിവരെ കൂടുതലായി ഉൾപ്പെടുത്തി സമരം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. എന്നാല്‍, പ്രത്യക്ഷ ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കുന്ന യുഡിഎഫ് തീരുമാനം സംസ്ഥാന സർക്കാരിനെ സഹായിക്കാനാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള പ്രവർത്തനങ്ങൾ ബിജെപി താഴെ തലം മുതൽ ശക്തമാക്കും. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ശില്പശാലകൾ നടത്താനും സ്ഥാനാർത്ഥി നിർണ്ണയവും ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനവും ഉടൻ പൂർത്തിയാക്കാനും കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മറ്റിയിൽ തീരുമാനമായി.