സുശാന്ത് സിംഗ് രജ്പുത്തിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന ആരോപണം: ഒരു സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി സിബിഐ

single-img
29 September 2020

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നു. മരണത്തെ സംബന്ധിച്ച് ഒരു സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന വാദങ്ങള്‍ ഉയരുന്നതിനിടെയാണ് സി.ബി.ഐയുടെ പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. 

”സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രൊഫഷനല്‍ ആയ അന്വേഷണമാണ് സി.ബി.ഐ നടത്തുന്നത്. അതിന്റെ എല്ലാ സാധ്യതയും പരിശോധിക്കും. അതില്‍ ഏതെങ്കിലും ഒന്ന് തള്ളിക്കളഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്”- അന്വേഷണ സംഘം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സുശാന്ത് സിംഗിൻ്റേത് കൊലപാതകമാണെന്ന ആരോപണം ബന്ധു ഉയർത്തിയിരുന്നു. സുശാന്ത് സിംഗിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് ഡോക്ടര്‍ തന്നോടു പറഞ്ഞതായി നടന്റെ കുടുംബ അഭിഭാഷകന്‍ വികാസ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 ”ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്നുള്ള സംഘത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ഫോട്ടോകള്‍ പരിശോധിച്ചു പറഞ്ഞത് സുശാന്തിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാവാമെന്നാണ്”-വികാസ് സിംഗ് ട്വീറ്റില്‍ കുറിച്ചു.

സി.ബി.ഐആത്മഹത്യാ കേസ് മാറ്റി കൊലപാതക കേസ് ആയി രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് അഭിഭാഷകന്‍ വികാസ് സിംഗ് ട്വിറ്ററില്‍ ചോദിച്ചു. മയക്കുമരുന്നു കേസ് അന്വേഷണം ബോളിവുഡ് നടിമാരുടെ ഫാഷന്‍ പരേഡ് ആയി മാറിയെന്നും വികാസ് സിംഗ് കുറ്റപ്പെടുത്തി.

എന്നാൽ വികാസ് സിംഗിന്റെ വാദങ്ങളെ തള്ളി എംയിസ് ഫൊറന്‍സിക് ടീമിന്റെ മേധാവി സുധീര്‍ ഗുപ്ത രംഗത്തുവന്നു. ഇത്തരത്തിലുള്ള ഒരു നിഗമനവും സി.ബി.ഐയ്ക്കു കൈമാറിയിട്ടില്ലെന്നും ചിത്രങ്ങള്‍ കണ്ടു മാത്രം ഇത്തരം നിഗമനത്തില്‍ എത്താനാവില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.