പ്രതിഫലം വര്‍ദ്ധിപ്പിച്ച് ടോവിനോയും ജോജുവും; എതിര്‍പ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

single-img
29 September 2020

കോവിഡ് പ്രതിസന്ധിയിൽ സിനിമാ മേഖലയും മുങ്ങി താഴുമ്പോൾ ഇപ്പോഴും തങ്ങളുടെ പ്രതിഫലം കുറയ്‌ക്കാത്ത താരങ്ങൾക്കെതിരെ നടപടിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. ഇത്തരത്തില്‍ പ്രതിഫലം കുറയ്‌ക്കാത്ത താരങ്ങളുടെ രണ്ടു പ്രോജ‌ക്‌ടുകൾക്ക് അസോസിയേഷൻ അംഗീകാരം നൽകിയില്ല. മാത്രമല്ല, പുതിയ സിനിമകളിൽ താരങ്ങളുടെ പ്രതിഫലം പരിശോധിക്കാൻ ഉപസമിതിയേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിയോഗിക്കുകയും ചെയ്തു.

നേരത്തെ തന്നെ കൊവിഡ്പ്ര തിസന്ധിയുടെ പശ്‌ചാത്തലത്തിൽ മലയാള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഇനിയുളള സിനിമകളിൽ പ്രതിഫലം പകുതിയായി കുറയ്‌ക്കണമെന്ന അഭ്യർത്ഥന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ട് വച്ചിരുന്നു. ഈ നിര്‍ദ്ദേശത്തിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുന്നിൽ പതിനൊന്ന് പ്രോജക്‌ടുകളാണ് അംഗീകാരത്തിനായി എത്തിയത്. ഇവയ്ക്ക് അംഗീകാരം നൽകാൻ ഓൺലൈനായി ചേർന്ന യോഗത്തിലാണ് പതിനൊന്ന് സിനിമകളിൽ ഒമ്പത് എണ്ണത്തിന് മാത്രം അംഗീകാരം നൽകിയത്.

യുവ നായകന്മാരില്‍ ശ്രദ്ധേയനായ ടോവിനോ തോമസും ജോജു ജോർജും നായകന്മാരായ രണ്ട് സിനിമകൾക്കാണ് അസോസിയേഷൻ ഇപ്പോള്‍ അംഗീകാരം നല്‍കാതിരുന്നത്. ഇരു സിനിമകളിലും നായകനടന്മാർ പ്രതിഫലം കൂട്ടി ചോദിച്ചതാണ് അംഗീകാരം കിട്ടാതിരിക്കാന്‍ കാരണം. ടോവിനൊ മുന്‍പ് ചെയ്ത സിനിമയെക്കാളും ഇരുപത്തിയഞ്ച് ലക്ഷവും ജോജു ജോർജ് അഞ്ച് ലക്ഷം രൂപയുമാണ് ഇപ്പോള്‍ കൂട്ടി ചോദിച്ചത്. ഈ തീരുമാനം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്നും ചിത്രങ്ങളുടെ സംവിധായകരുമായും നിർമ്മാതാക്കളുമായും കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അഭിപ്രായം.