കേരളത്തില്‍ സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കില്ല: മുഖ്യമന്ത്രി

single-img
29 September 2020

കേരളത്തില്‍ സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ രാജ്യത്ത്കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതുപോലുള്ള ഓര്‍ഡിനന്‍സുകള്‍ പ്രാബല്യത്തിലുണ്ട്. എന്നാല്‍ കേരളത്തില്‍ അത്തരമൊരു സാഹചര്യമില്ലെന്നും സിബിഐ അവരുടെ പണിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളാ സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ ഫയല്‍ ഒപ്പിടാനായി നിയമസക്രട്ടറിയുടെ മുന്നിലെത്തിയതായും ഈ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് രേഖാമൂലം ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മാത്രമല്ല, ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചാല്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും ഈ പ്രശ്‌നത്തെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.