ആർഎസ്എസിനെ പ്രതിരോധിക്കാൻ ആർഎസ്എസ് മാതൃകയിൽ ഗ്രൂപ്പില്ലാത്ത കോൺഗ്രസ് പ്രവർത്തകരുടെ സംഘടന: ഗാന്ധിജയന്തിക്ക് രക്ഷാബന്ധൻ

single-img
27 September 2020

വൊളൻ്റിയർ സേനയ്ക്ക് രൂപംനൽകി ചില കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസിനെ കാലങ്ങളായി ഗ്രൂപ്പുകളിലും അധികാരകേന്ദ്രങ്ങളിലും തളച്ചിട്ടതിൽ മനംനൊന്ത ഒരുകൂട്ടം പ്രവർത്തകരാണ് കോൺഗ്രസ് ലോകമാന്യദൾ (സി.എൽ.‍ഡി.) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്.  കോൺഗ്രസിലെ തീവ്രവിഭാഗത്തിന്റെ നേതാവായിരുന്ന ലോകമാന്യ ബാലഗംഗാധരതിലകന്റെ പേരിലുള്ളതാണ് ഈ സംഘടനയെന്നും ഈ സംഘടന പാർട്ടിയുടെ പോഷകസംഘടനയല്ലെന്നുമാണ് ഇതിൻ്റെ നേതാക്കൾ പറയുന്നത്. 

നേതൃസ്ഥാനത്തേക്ക്‌ വരാൻ ശ്രമിച്ചവരെയും നേതാക്കളുടെയും ഗ്രൂപ്പിന്റെയും വക്താക്കളായി മാറിയവരെയും മാറ്റിനിർത്തിയായിരിക്കും അംഗത്വമെന്നും അവർ വ്യക്തമാക്കുന്നു.  ആർ.എസ്.എസിനെ പ്രതിരോധിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യമായി മുന്നിൽ കണ്ടിരിക്കുന്നത്. തെലങ്കാനയിൽനിന്നുള്ള ടി.സി.കെ.സിങ്ങാണ് ദേശീയ ചീഫ് ഓർഗനൈസർ. 

അതേസമയം വളരെ മികച്ച പ്രതികരണമാണ് സംഘടനയ്ക്ക് ലഭിച്ചിട്ടുള്ളതെന്നാണ് നേതാക്കൾ പറയുന്നത്. രാജ്യത്ത് ഒരുലക്ഷത്തിലേറെപ്പേർ ഓൺലൈനായി അംഗത്വം എടുത്തതായി സംഘടനയുടെ കേരളത്തിലെ ചീഫ് ഓർഗനൈസർമാരായ സി.കെ. നന്ദകിഷോറും സി.എം. രാജേന്ദ്രനും അയൂബ്ഖാൻ പുനലൂരും പറയുന്നു. ഒക്ടോബറിൽ ദേശീയ, സംസ്ഥാന കമ്മിറ്റികളെ പ്രഖ്യാപിക്കുമെന്നും  ആർ.എസ്.എസിന് സമാനമായി കേഡർ സംവിധാനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. 

കോൺഗ്രസ് ചരിത്രം പഠിപ്പിക്കുക, പ്രവർത്തകരുടെ സംരക്ഷണം ഏറ്റെടുത്ത് രാഷ്ട്രീയ എതിരാളികൾക്കെതിരേ പ്രതിരോധം തീർക്കുക, കോൺഗ്രസ് ധാരയിൽനിന്ന് അകന്നുനിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരുക തുടങ്ങിയവയാണ് പ്രധാനപ്രവർത്തനം. പ്രവർത്തകർക്ക് കായികപരിശീലനം നൽകാൻ വിരമിച്ച സൈനികരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും നേതാക്കൾ പറയുന്നു. 

കേരളത്തിൽ ഇപ്പോൾ 511 വാട്സാപ്പ് ഗ്രൂപ്പുകളിലായി പതിനായിരങ്ങൾ അംഗങ്ങളായി ചേർന്നിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. സി.എൽ.ഡി.യുടെ പ്രവർത്തനം കോൺഗ്രസ് ദേശീയനേതൃത്വത്തെയും രാഹുൽഗാന്ധിയെയും അതതു പി.സി.സി. അധ്യക്ഷന്മാരെയും അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ വെളിപ്പെടുത്തി. 

ആർ.എസ്.എസിന്റെ വർഗീയവിപത്തിനെതിരേ മതേതര, ജനാധിപത്യമൂല്യം ഉയർത്തിപ്പിടിക്കാനാണ് എല്ലാ ജില്ലകളിലും പ്രതിരോധം തീർക്കുന്നതെന്ന് മീഡിയാസെൽ കോ-ഓർഡിനേറ്റർ ശശിധരൻ മുല്ലേരി പറഞ്ഞു. ഇതിൻ്റെ ഭാഗമായി ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശ് രക്ഷാബന്ധൻദിനമായി ആചരിക്കും. ത്രിവർണരക്ഷാബന്ധൻ ചരടുകൾ കൈയിൽ കെട്ടിയായിരിക്കും പരിപാടി. 

അതേസമയം സംഘടനയെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. എ.ഐ.സി.സി.യുടെ അനുമതിയില്ലാതെ കോൺഗ്രസിനുവേണ്ടി ഇതുപോലൊരു സംഘടനയ്ക്ക് പ്രവർത്തിക്കാൻ അധികാരമില്ലെന്നും  സി.എൽ.ഡി.യുടെ പ്രവർത്തനത്തിന് കെ.പി.സി.സി.യുടെയോ എ.ഐ.സി.സി.യുടെയോ അംഗീകാരമില്ലെന്നും കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.