രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; ജാതി മാറി വിവാഹം ചെയ്തതിന് യുവാവിനെ പെണ്‍വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

single-img
25 September 2020

ജാതി മാറി വിവാഹം കഴിച്ചു എന്ന പേരില്‍ രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊലപാതകം കൂടി. തെലുങ്കാനയിലെ ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന യുവാവാണ് ജാതി മാറി വിവാഹം കഴിച്ച പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരാല്‍ കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഹൈദരാബാദിന് സമീപം ഗാച്ചിബൗളിയില്‍ ഈ ക്രൂരമായ കൊലപാതകം നടക്കുന്നത്.

വേറെ വേറെ ജാതിയില്‍പ്പെട്ട ഹേമന്തും അവന്തിയും ഈ വര്‍ഷം ജൂലൈയിലാണ് വിവാഹിതരാകുന്നത്. ദീര്‍ഘകാലമായി പ്രണയിച്ചിരുന്ന ഇരുവരും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് വിവാഹം ചെയ്യുന്നത്. അവസാനം അവന്തികയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുകയായിരുന്നു. വിവാഹിതരായ ശേഷം ഗാച്ചിബൗളിയിലെ ടിഎന്‍ജിഒ കോളനിയില്‍ ആണ് ഹേമന്തും അവന്തികയും താമസിച്ചിരുന്നത്.

ഇവിടെ ഇവരുടെ താമസ സ്ഥലത്ത് വന്നാണ് അവന്തികയുടെ ബന്ധുക്കള്‍ ഹേമന്തിനെ ബലമായി പിടിച്ചുകൊണ്ട് പോയി കൊലപ്പെടുത്തുന്നത്. സംഭവം നടന്ന ദിവസം രാവിലെ അവന്തിയുടെ കുടുംബാംഗങ്ങള്‍ ഇവരെ വിളിക്കുകയും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വിവരം ഹേമന്ത് സ്വന്തം കുടുംബത്തെ അറിയിക്കുകയും അവരോടും വീട്ടിലേയ്ക്ക് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

മകന്‍ പറഞ്ഞത് പ്രകാരം വീട്ടിലെത്തിയപ്പോള്‍ ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ വീട്ടുകാര്‍ എത്തി ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയി എന്ന് ഹേമന്തിന്‍റെ പിതാവ് അറിയുന്നത്. ഉടന്‍ തന്നെ അദ്ദേഹം അവരുടെ വാഹനത്തെ പിന്തുടര്‍ന്നെങ്കിലും മകനെയും മരുമകളെയും കണ്ടെത്താന്‍ സാധിച്ചില്ല . തട്ടിക്കൊണ്ടുപോകുന്നതിനിടെയുള്ള യാത്രക്കിടെ ഗോപന്‍പള്ളിയില്‍വെച്ച് അവന്തി വീട്ടുകാരുടെ വാഹനത്തില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു.

വളരെ നേരം അന്വേഷിച്ചിട്ടും മകനെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഹേമന്തിന്‍റെ പിതാവ് മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയവരെ പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം പുറംലോകം അറിയുന്നത്. പിറ്റേദിവസം വെള്ളിയാഴ്ച പുലര്‍ച്ചെ ഹേമന്തിന്റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയില്‍നിന്ന് കണ്ടെത്തുകയും ചെയ്തു. അവന്തിയുടെ ഒരു അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയതെന്ന് പോലീസ് അറിയിച്ചു.