ലൈഫ് മിഷൻ ക്രമക്കേട്; ആരേയും പ്രതിചേർക്കാതെ സിബിഐ കേസെടുത്തു

single-img
25 September 2020

സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷനിൽ നടന്ന ക്രമക്കേടിൽ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് സിബിഐയുടെ കൊച്ചി പ്രത്യേക കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തു

ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്( എഫ്സിആർഎ) പ്രകാരം എടുത്തിട്ടുള്ള കേസില്‍ നിലവിൽ ആരേയും പ്രതിചേർത്തിട്ടില്ല. വിദേശത്ത് നിന്നുള്ള സഹായം സ്വീകരിക്കുമ്പോൾ സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ പാലിച്ചോയെന്ന കാര്യവും കേസിലെ അഴിമതിയും അന്വേഷണ പരിധിയില്‍ വരും.

അന്വേഷണത്തിന് ആവശ്യമായ രേഖകൾ ഉൾപ്പടെ പിടിച്ചെടുക്കാൻ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ള വ്യക്തികളെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ നേരത്തെ തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയക്‌ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒയായ യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ നോക്കി നടത്തുന്ന യൂണിടാക്ക് എംഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനിൽ ഉണ്ടായി എന്ന കാരണത്താലാണ് ഇപ്പോള്‍ സിബിഐ കേസ് എടുത്തിരിക്കുന്നത്.