പാലാരിവട്ടം പാലം നിർമ്മിക്കുവാനുള്ള പണം ഉമ്മൻചാണ്ടിയിൽ നിന്നും ഇബ്രാഹിംകുഞ്ഞിൽ നിന്നും ഈടാക്കണം: ഡിവൈഎഫ്ഐ

single-img
22 September 2020

ബലക്ഷയം വന്ന പാലാരിവട്ടം മേൽപ്പാലം പൊളിച്ച് പുതിയത് പണിയുന്നതിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ, പാലം നിർമ്മിക്കുന്നതിനാവശ്യമായ തുക മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിൽ നിന്നും ഈടാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബ്രിഡ്ജസ് ആൻഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ മുഖേന 47.70 കോടി രൂപ മുടക്കി സ്ഥാപിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോൾ അപകടാവസ്ഥയിലായത് പകൽകൊള്ളയാണ്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ദേശീയപാത അതോറിറ്റി നടത്തേണ്ട പ്രവർത്തനം സംസ്ഥാന സർക്കാർ ഏറ്റെടുത്തതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് ഇതിനോടകം പുറത്തുവന്നിട്ടുണ്ട് എന്നും പ്രസ്താവനയിൽ പറയുന്നു.

അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്ന ഉമ്മൻചാണ്ടിയുടെ വാദമാണ് ഇന്നത്തെ സുപ്രീംകോടതി വിധിയോടെ തകർന്നിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമപരമായി ശിക്ഷ ഉറപ്പാക്കണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും ഇബ്രാഹിംകുഞ്ഞുമാണ് ഈ അഴിമതിയുടെ മുഖ്യ സൂത്രധാരന്മാർ. അതുകൊണ്ടുതന്നെ ഇവരിൽ നിന്നും ഒത്താശചെയ്തുകൊടുത്ത ഉദ്യോഗസ്ഥരിൽ നിന്നുംകൂടിയാണ് പുതിയ പാലം നിർമ്മിക്കാൻ ആവശ്യമായ തുക ഈടാക്കേണ്ടത്, പൊതു ഖജനാവിൽ നിന്നല്ലെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.