ഫ്ളാറ്റെടുത്ത് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍, ഡെപ്യൂട്ടി ഐ.ജി സദാചാര പൊലീസ് കളിക്കുന്നുവെന്ന ആരോപണവുമായി യുവതി

single-img
21 September 2020

സിവിൽ പൊലീസ് ഓഫീസർ സസ്‌പെന്‍ഷനിലായ സംഭവത്തില്‍ ഡെപ്യൂട്ടി ഐ.ജിക്കെതിരെ ആരോപണവുമായി യുവതി. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസറായ യു.ഉമേഷിനെയാണ് യുവതിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ മൊഴിപകര്‍പ്പിലടക്കം തന്നെ അപമാനിച്ചു എന്ന് കാട്ടിയാണ് യുവതി ഐ ജിക്ക് പരാതിയുമായി രംഗത്തെത്തിയത്.

ജോലി ആവശ്യത്തിനായി നഗരത്തില്‍ യുവതിക്ക് ഫ്ളാറ്റെടുത്ത് നല്‍കുന്നതിന് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് സഹായിച്ചു എന്നും മകളുമൊത്ത് ഇയാള്‍ ഒരുമിച്ച് താമസിക്കുകയാണെന്നും മോചിപ്പിച്ച് തരണമെന്നും കാണിച്ചാണ് യുവതിയുടെ അമ്മ പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കേസന്വേഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ രക്ഷിതാക്കളില്‍ നിന്നും അകറ്റി താമസിപ്പിച്ചിരിക്കുകയാണെന്നും ഫ്ളാറ്റില്‍ സ്ഥിരം സന്ദര്‍ശകനാണെന്നും സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നുണ്ട്. പൊലീസ് റിപ്പോര്‍ട്ടിലെ ഈ ഭാഗങ്ങള്‍ക്കെതിരെയാണ് യുവതി ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്.

പരാതി എന്താണെന്ന് വ്യക്തമാക്കാതെയാണ് അവര്‍ മൊഴിയെടുത്തു പോയത്. താന്‍ പറയാത്ത കാര്യങ്ങളാണ് മൊഴിപകര്‍പ്പിലുള്ളതെന്നും യുവതി ആരോപിക്കുന്നു. മൊഴിയുടെ പകര്‍പ്പ് ചോദിച്ചിട്ടും നല്‍കിയില്ല. ഈ പരാതിയോടൊപ്പം കേസ് അന്വേഷിക്കാനെത്തിയ എസിപി തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് മറ്റൊരു പരാതിയും യുവതി നല്‍കിയിട്ടുണ്ട്.