എസ്ഡിപിഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

single-img
21 September 2020

കണ്ണൂർ ജില്ലയിലെ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനായ മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ ചുണ്ടയില്‍ സ്വദേശികളായ അമല്‍ രാജ് (22), റിഷില്‍ (24) എന്നിവരെയാണ് ഇന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്ന് പേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു.

നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ആകെ എണ്ണം അഞ്ചായി.ഈ മാസം എട്ടിന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സലാഹുദ്ദീനെ കണ്ണവത്തിനടുത്ത് കൈച്ചേരിയില്‍ വെച്ചാണ് ആര്‍എസ്എസ് സംഘം ആക്രമിക്കുന്നത്.

സലാഹുദ്ദീന്‍ സഞ്ചരിച്ച വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് ഇവര്‍ ആക്രമിച്ചത്. മനപൂര്‍വമുള്ള അപകടമാണ് എന്ന് തിരിച്ചറിഞ്ഞ് കാറിലേക്ക് തിരിച്ചുകയറാന്‍ ശ്രമിച്ച സലാഹുദ്ദീനെ അക്രമികള്‍ തലയില്‍ വെട്ടുകയായിരുന്നു.

അതേസമയം എബിവിപി നേതാവായ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍.
ഈ കേസില്‍ ഒളിവിലായിരുന്ന സലാഹുദ്ദീന്‍ 2019 മാര്‍ച്ചില്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന്ജാമ്യത്തില്‍ കഴിയവേയാണ് ആക്രമണമുണ്ടായത്.