സ്വകാര്യ ട്രെയിനുകള്‍ക്ക് യാത്രാ നിരക്കും സ്വയം തീരുമാനിക്കാം; അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍

single-img
18 September 2020

ഇന്ത്യന്‍ റെയില്‍വേയില്‍ സ്വകാര്യവത്ക്കരണം ആരംഭിച്ച പിന്നാലെ സ്വകാര്യ ട്രെയിനുകള്‍ക്ക് സ്വയം യാത്രാ നിരക്ക് നിശ്ചയിക്കാന്‍ അനുവാദം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേയിലേക്ക് സ്വകാര്യ മേഖലയ്ല്‍ നിന്നും നിക്ഷേപകരെ ആകര്‍ഷിക്കാനാണ് നിരക്ക് നിശ്ചയിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത് എന്നാണ് വിശദീകരണം.

പുതിയ തീരുമാന പ്രകാരം സ്വകാര്യ ട്രെയിന്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് അവരുടെ രീതിയില്‍ നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെങ്കിലും പക്ഷേ ഇതേ റൂട്ടുകളില്‍ എസി ബസുകളും വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെന്ന് അവര്‍ ഓര്‍ക്കണമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ്പറയുകയുണ്ടായി.

രാജ്യത്തെ സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങള്‍ ഗതാഗതത്തിനായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ രാഷ്ട്രീയപരമായി സ്വാധീനിക്കുന്നതാണ് റെയില്‍വേയുടെ യാത്രാനിരക്ക് എന്നത്. നിലവില്‍ ഭരണത്തിലുള്ള മോദി സര്‍ക്കാറിന്റെ കീഴില്‍ റെയില്‍വേയുടെ സ്വകാര്യവത്കരണം വേഗത്തില്‍ നടക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത് എന്നതും ശ്രദ്ധേയമാണ്.

നിലവില്‍ ആല്‍സ്റ്റം എസ്എ, ബോംബാര്‍ഡിയര്‍ ഐഎന്‍സി, ജിഎംഎര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് ഇന്ത്യന്‍ റെയില്‍വേ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുള്ളത്. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തില്‍ 7.5 ബില്ല്യണ്‍ ഡോളറിന്റെ സ്വകാര്യനിക്ഷേപം റെയില്‍വേയിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍പറയുന്നു.