കോവിഡിനെ നേരിടാൻ സഹായിക്കാം; ഭൂട്ടാന്‍ രാജാവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം

single-img
18 September 2020

നിലവിലെ കോവിഡ് വൈറസ് വ്യാപനത്തെ നേരിടാൻ സഹായിക്കാമെന്ന് അയല്‍ രാജ്യമായ ഭൂട്ടാന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം. ഭൂട്ടാൻ രാജാവായ ജിഗ്മെ ഖേസർനാംഗേൽ വാങ്ചുക്കിനോട് ഇക്കാര്യം അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഈ വാഗ്ദാനം ഇന്ത്യ മുമ്പോട്ടു വെച്ചത്. മാത്രമല്ല, ഭൂട്ടാൻ രാജാവിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഇന്ത്യ സന്ദർശിക്കാനായി പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. ഇരുവര്‍ക്കും സൌകര്യപ്രദമായ ഒരു തിയ്യതിയിൽ ഇന്ത്യയിലേക്ക് വരാമെന്നാണ്
പ്രധാനമന്ത്രിയുടെ ക്ഷണം.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിറന്നാളിന് ഭൂട്ടാൻ രാജാവ് വാങ്ചുക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ദീര്‍ഘ കാലമായി നിലനിൽക്കുന്ന ശക്തമായ അയൽബന്ധത്തെക്കുറിച്ചും സൌഹൃദത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായി പ്രസ്താവനയിൽ പറയുന്നു. അതേപോലെ തന്നെ ഭൂട്ടാൻ മികച്ച രീതിയിൽ കോവിഡിനെ കൈകാര്യം ചെയ്യുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.ചൈനയുമായുള്ള 62ലെ യുദ്ധകാലത്തും ഭൂട്ടാൻ ഇന്ത്യക്കൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്.