ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭര്‍ത്താവ് പിടിയിൽ

single-img
16 September 2020

ഇടുക്കി രാജകുമാരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാം ഭര്‍ത്താവായ തമിഴ്നാട് സ്വദേശിയാണ് ഒന്നാം പ്രതി. 55 കാരനായ ഇയാളെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആറാം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ അമ്മയുടെ മൂന്നാം ഭര്‍ത്താവും സുഹൃത്തുമാണ് പീഡിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഇവർ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. വീട്ടിൽ തനിച്ചായിരുന്ന സമയത്ത് കുട്ടിയെ പീഡിപ്പിച്ചതിനാണ് അച്ഛന്റെ സുഹൃത്തിനെതിരെ കേസെടുത്തത്.

ഒളിവിൽ പോയിരിക്കുന്ന രണ്ടാം പ്രതിക്കെതിരെയും രാജാക്കാട് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാള്‍ തമിഴ്നാട്ടിലേയ്ക്ക് കടന്നിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈന് കൈമാറിയതിനെ തുടർന്നാണ് പോലീസ് നടപടി. വനിതാ പോലീസിന് പുറമെ മജിസ്ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.