നടിയെ ആക്രമിച്ച കേസ്: ദിലീപിനോട് കോടതി വിശദീകരണം തേടി; ജാമ്യം റദ്ദാക്കണമെന്ന ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

single-img
15 September 2020

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹർജി പരിഗണിക്കുന്നത് പ്രത്യേക കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് അഭിഭാഷകൻ മുഖേന ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം. ദിലീപിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

കേസിൽ പ്രത്യേക കോടതിയിൽ വിചാരണ നടക്കുകയാണ്.നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരവും ഇന്ന് പൂര്‍ത്തിയായി. ഇതിനിടെ ചില പ്രതികൾ മൊഴി മാറ്റിയിരുന്നു .പ്രധാന സാക്ഷിയും മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷൻ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചത് .

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാൽ വിചാരണയും തടസപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസിന്റെ രഹസ്യ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.