വാറണ്ടോ ഉത്തരവോ ഇല്ലാതെ ആരെയും അറസ്റ്റു ചെയ്യുവാനുള്ള അധികാരം: യോഗിയുടെ സ്വപ്നപദ്ധതിയായ പ്രത്യേക സുരക്ഷാ സേന യാഥാർത്ഥ്യമാകുന്നു

single-img
14 September 2020

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിൻ്റെ സ്വപ്ന പദ്ധതി യാഥഘാർത്ഥ്യത്തിലേക്ക്. പ്രത്യേക സുരക്ഷാ സേനയെന്ന ഉത്തർപ്രദേശ് സർക്കാരിൻ്റെ ബദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. ഈ സേനയ്ക്ക് യാതൊരു വാറണ്ടും കൂടാതെ തന്നെ കുറ്റവാളികളെ തിരയാൻ അധികാരമുണ്ടെന്നും യോഗി ആദിത്യനാഥ് സർക്കാർ വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി 2019 ൽ സിവിൽ കോടതികളിലെ സുരക്ഷയെക്കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സുരക്ഷാസേന രൂപീകരിക്കാൻ തീരുമാനിച്ചത്. പ്രത്യേക സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി വ്യക്തമാക്കി. 

മജിസ്‌ട്രേറ്റിന്റെ വാറണ്ടോ ഉത്തരവോ ഇല്ലാതെ ഈ സേനയിലെ അംഗങ്ങൾക്ക് ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ അഞ്ച് ബറ്റാലിയനുകൾ രൂപീകരിക്കുമെന്നും, അഡീഷണൽ ഡയറക്ടർ ജനറൽ റാങ്കുള്ള ഒരു ഉദ്യോഗസ്ഥൻ നയിക്കുമെന്നും അവാനിഷ് അവസ്തി പറഞ്ഞു. 

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയാണിത്. സിവിൽ കോടതികൾക്കായി ഒരു പ്രത്യേക സേന ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവാണ് ഇതിന്റെ അടിസ്ഥാനം. 9,919 ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാകും. ആദ്യ ഘട്ടത്തിൽ 1,747 കോടി രൂപയാണ് ചെലവ്. ‘അവസ്തി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ കോടതിമുറിക്കുള്ളിൽ അക്രമികൾ ഇരട്ടക്കൊലക്കേസ്‌ പ്രതിയെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട്‌ സുരക്ഷാ വീഴ്‌ചവരുത്തിയ18 പൊലീസുകാരെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ‘കഴിവില്ലാത്ത മിക്ക പോലീസ് ഉദ്യോഗസ്ഥരെയും കോടതികളിൽ നിയമിക്കുന്നു’ എന്ന് രണ്ടംഗ ഹൈക്കോടതി ബെഞ്ച്  നേരത്തേ സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.