സംസ്ഥാന ബിജെപിയോട് പോകാൻ പറ: തങ്ങളെ ബിജെപിയിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് സുഭാഷ് വാസു ബിജെപി ദേശീയ നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചു

single-img
13 September 2020

പുതിയ രാഷ്ട്രീയ നീക്കവുമായി സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട സുഭാഷ് വാസു രംഗത്ത്. എൻഡിഎ ഘടകക്ഷിയായി പ്രവർത്തിക്കാനുള്ള താൽപര്യം സുഭാഷ് വാസു ബിജെപി ദേശീയ നേതൃത്വതെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ദേശീയ നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചുവെന്ന് സുഭാഷ് വാസുവും പറഞ്ഞു. 

ബിജെപി സംസ്ഥാന ഘടകത്തെ അവഗണിച്ചാണ് സുഭാഷ് വാസു ദേശീയ നേതൃത്വവുമായി നേരിട്ട് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ സന്തോഷമെന്നും സുഭാഷ് വാസു പറഞ്ഞു. വിഷയത്തിൽ അന്തിമ തീരുമാനം ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡയുടേതാണ്. ബിഡിജെഎസിനെ ദേശീയ പാർട്ടിയായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും സുഭാഷ് വാസു പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ ഈഴവ സമൂഹത്തിന്റെ ചോര ഊറ്റികുടിച്ചവരാണ് വെള്ളാപ്പള്ളി കുടുംബമെന്നും സുഭാഷ് വാസു വിമർശിച്ചു.  കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും  ഇതിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സുഭാഷ് വാസു പറഞ്ഞു.