കിറ്റിനു പകരം കൂപ്പൺ, ഉപഭോക്താവിന് മാവേലി സ്റ്റോറുകളിൽ നിന്നും നേരിട്ട് സാധനങ്ങൾ വാങ്ങാം: സാധ്യത തെളിയുന്നു

single-img
12 September 2020

ഓണക്കിറ്റ് വിവാദങ്ങൾ ഒന്നിനുപിറകേ ഒന്നായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ മറികടക്കനുള്ള പോംവഴിയുമായി  കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ. സംസ്ഥാന സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിനുപകരം തുല്യതുകയ്ക്കുള്ള കൂപ്പൺ വിതരണം ചെയ്യണമെന്ന് ശുപാർശയാണ് കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഉന്നയിച്ചിരിക്കുന്നത്.  ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നൽകി. 

സാധനങ്ങൾ കിറ്റാക്കി നൽകുന്നതിനുപകരം കൂപ്പൺ നൽകിയാൽ വിതരണച്ചെലവിനത്തിൽ ഒരുമാസം 16 മുതൽ 20 വരെ കോടിരൂപ ലാഭിക്കാമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂപ്പൺ നൽകിയാൽ സൗകര്യപ്രദമായ സപ്ലൈകോ ഔട്ട്‌ലെറ്റിൽനിന്ന് ഉപഭോക്താവിന് മരുന്നുകളോ ആവശ്യമുള്ള പലചരക്ക് സാധനങ്ങളോ വാങ്ങാനാകും. കൂപ്പണിന്റെ മൂല്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്ന സാഹചര്യം വഴി സപ്ലൈകോയുടെ വിറ്റുവരവ് വർധിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

മാത്രമല്ല, കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം സമയബന്ധിതമായി വിതരണം ചെയ്യുന്നതിൽ നേരിടുന്ന തടസ്സം ഒഴിവാക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു. മാത്രമല്ല സാമ്പത്തിക ഭദ്രതയുള്ളവർക്ക് കൂപ്പൺ തിരികെനൽകി സർക്കാരിനെ സഹായിക്കാനാകുമെന്നും നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. 

ഓണക്കിറ്റിൽ ഉൾപ്പെടുത്തിയ ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച് നിരവധി വിവാദങ്ങളാണ് ഉയർന്നിരിക്കുന്നത്. മാത്രമല്ല ഇതുവരെ ഓണക്കിറ്റ് വിതരണം പൂർത്തിയായിട്ടുമില്ല. നാലുമാസംകൂടി കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കവേയാണ് ഇത്തരത്തിൽ ഒരു നിർദ്ദേശവുമായി കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. 

അടുത്ത കിറ്റിന് ആവശ്യമായ സാധനങ്ങൾ സംഭരിക്കാൻ സപ്ലൈകോ തുടങ്ങിയിട്ടില്ല. കൂപ്പൺ നൽകിയാൽ കിറ്റിന്റെ മൂല്യത്തെയും സാധനങ്ങളുടെ ഗുണനിലവാരത്തെയും അളവിനെയും സംബന്ധിച്ച പരാതികൾ ഒഴിവാക്കാനാകും. ഇതിന്റെ പേരിൽ സിവിൽ സപ്ലൈസ് ജീവനക്കാർ അനുഭവിക്കുന്ന മാനസികപീഡനത്തിനും പരിഹാരമാകുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. 

ഓണക്കിറ്റിലെ ശർക്കരയുടെ തൂക്കക്കുറവുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ പരിശോധന നടന്നിരുന്നു. നിരപരാധികളായ പല ജീവനക്കാരും സംശയത്തിന്റെ നിഴലിലാണെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബി.പത്മകുമാർ വ്യക്തമാക്കുന്നു. ക്രമക്കേടുകൾ കാണിച്ച വിതരണക്കാരെ ഒരുമാസത്തേക്ക് വിലക്കുക മാത്രമാണ് ചെയ്തത്. വിലക്ക് കാലാവധികഴിഞ്ഞ സാഹചര്യത്തിൽ ടെൻഡർ നടപടികളിൽ അവർക്ക് പങ്കെടുക്കാൻ കഴിയുമെന്നുള്ളതും പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

കാലാവധികഴിഞ്ഞതും കേടായതും തൂക്കത്തിൽ കുറഞ്ഞതും ആരോഗ്യത്തിന് ഹാനികരമെന്ന് പരിശോധനയിൽ തെളിഞ്ഞതുമായ ശർക്കരയും പപ്പടവുമാണ് ഓണക്കിറ്റിൻ്റെ മാറ്റ് കുറച്ചത്. ജനങ്ങളുടെ ആരോഗ്യത്തിന് സർക്കാർ പ്രാധാന്യം നൽകുന്നുവെങ്കിൽ കൂപ്പൺ രീതി കൊണ്ടുവരണമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്.