രുചികരമായ ഭക്ഷണവും ലൈംഗികതയും ആസ്വദിക്കുന്നത് പാപമല്ല, ദൈവികം: ഫ്രാന്‍സിസ് മാര്‍പാപ്പ

single-img
12 September 2020

മറ്റെല്ലാ ആനന്ദങ്ങള്‍ പോലെ തന്നെ രുചികരമായ ഭക്ഷണവും ലൈംഗികതയും ദൈവത്തില്‍ നിന്നും നമുക്ക് നേരിട്ട് ലഭിച്ച സമ്മാനങ്ങളാണെന്നും അതുകൊണ്ടുതന്നെ ഇവ ആസ്വദിക്കുന്നത് പാപമല്ലെന്നും ദൈവികമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ എഴുത്തുകാരനായ കാര്‍ലോ പെട്രിനിയുമായുള്ള അഭിമുഖത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. ലൈംഗിക പരമായ ആനന്ദം സ്‌നേഹത്തെ കൂടുതല്‍ മനോഹരമാക്കുകയും മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ആനന്ദം എന്നത് ദൈവത്തില്‍ നിന്ന് നേരിട്ട് വരുന്നതാണ്. അക്കാര്യത്തിൽ കത്തോലിക്കരെന്നോ ക്രിസ്ത്യാനിയെന്നോ മറ്റ് വ്യത്യാസമില്ലെന്നും തികച്ചും ദൈവികമാണെന്നും മാര്‍പ്പാപ്പ പറയുന്നു. ഇത്തരത്തിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പെട്രിനിയുടെ ‘ടെറഫ്യൂചുറ’ എന്ന പുസ്തകം പുറത്തിറങ്ങിയത്. അമിത രീതിയിലുള്ള ധാര്‍മികത പലപ്പോഴും സഭക്ക് ദോഷം ചെയ്തിട്ടുണ്ട്.

അതേസമയം മാനുഷികമല്ലാത്ത അശ്ലീല ആനന്ദത്തെ സഭ പലപ്പോഴും അപലപിച്ചിട്ടുണ്ട്. എന്നാൽ ലളിതവും മാനുഷികവുമായ എല്ലാ ആനന്ദങ്ങളെയും സ്വീകരിച്ചിട്ടുമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മാത്രമല്ല, ലൈംഗിതകയെ പാപമാക്കി ചിത്രീകരിച്ചത് ക്രിസ്ത്യന്‍ സന്ദേശത്തെ തെറ്റായി വ്യാഖ്യാനിച്ചതുകൊണ്ടാണെന്നും മാര്‍പ്പാപ്പ അഭിപ്രായപ്പെടുന്നു.