സ്വര്‍ണ്ണ കടത്ത് കേസിനെ സംബന്ധിച്ച് ഇഡി ഒന്നും ചോദിച്ചില്ല; പ്രതികരണവുമായി കെ ടി ജലീൽ

single-img
12 September 2020

വിവാദമായ സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് തന്നോട് ഒന്നും ചോദിച്ചില്ലെന്ന് മന്ത്രി കെ ടി ജലില്‍ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇ ഡിയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് ആദ്യമായി പ്രതികരണം നടത്തിയത്.യു എ ഇയില്‍ നിന്നും ഖുറാന്‍ കൊണ്ടുവന്നതിനെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ തന്നോട് ചോദിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞതായും മന്ത്രി ജലീല്‍ അറിയിച്ചു.

ജലീലിന്റെ വാക്കുകള്‍- ‘ ഇതില്‍ പുതിയതായോ അസ്വാഭാവികമായോ ഒന്നും ഇല്ല. പല വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യു എ ഇ സര്‍ക്കാര്‍ഇത്തരത്തില്‍ ഖുറാന്‍ നല്‍കാറുണ്ട്. 1000 കോപ്പിയുള്ള 32 പാക്കറ്റുകളാണ് ജൂണ്‍ ആദ്യ വാരം അയച്ചത്. ഞാന്‍ വഖഫിന്റെ മന്ത്രിയാണ്. അതിനാല്‍ മത സ്ഥാപനങ്ങള്‍ക്ക് അവ വിതരണം ചെയ്യാമോ എന്ന് ചോദിച്ചു. ഈ പാക്കറ്റുകള്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംങ് ആന്റ് ട്രെയിനിംങിലേക്ക് അയക്കുകയും അവിടെ നിന്ന് ചില മത സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകുകയുമാണ് ഉണ്ടായത്’

ഇഡി അധികൃതര്‍ക്ക് ഞാന്‍ എന്റെ സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും നല്‍കുകയും ചെയ്തു. എനിക്ക് ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവെയ്ക്കാനില്ല.മാത്രമല്ല, ഖുറാന്‍ യു എ ഇയില്‍നിന്ന് സ്വീകരിച്ചതില്‍ ഒരു നടപടിക്രമവും ലംഘിച്ചിട്ടില്ലെന്നും യാതൊരു നയതന്ത്ര പ്രശ്‌നവും അതു വഴി ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.മറിച്ച് അതൊരു സാംസ്കാരിക കൈമാറ്റമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.