സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ശ്രീകൃഷ്ണന്റേതെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നൽകിയ പരാതിയിൽ യുവാവ് അറസ്റ്റിൽ

single-img
12 September 2020

ശ്രീകൃഷ്ണന്റെ വികലമായ രീതിയിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളത്തിന് സമീപം പെങ്ങാമുക്ക് സ്വദേശി സബിത്തിനെ ആണ് ഹിന്ദു ഐക്യവേദി കാട്ടകാമ്പാൽ പഞ്ചായത്ത് സംഘടനാ സെക്രട്ടറി പി എൻ മണികണ്ഠന്റെ പരാതിയിൽ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവ് തന്റെ പ്രവൃത്തിയിലൂടെ മതവികാരം വ്രണപ്പെടുത്തുകയും സമൂഹത്തിൽ മത സ്പർദ്ധ വളർത്തുവാനും ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ദിനത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഡിങ്കനെ ദൈവമായി ആരാധിക്കുന്ന ഡിങ്കോയിസം എന്ന സ്പൂഫ് മതാചാരണം സമൂഹമാധ്യമങ്ങളിൽ നിരവധി യുക്തിവാദികൾ പിന്തുടരുന്നുണ്ട്. ഡിങ്കന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഡിങ്കജയന്തി ആശംസകൾ എന്ന് പോസ്റ്റ് ചെയ്തതിനെയാണ് ശ്രീകൃഷ്ണന്റെ വികലചിത്രമെന്ന് ഹിന്ദു ഐക്യവേദി ആരോപിക്കുന്നത്.

അതേസമയം സിപിഎം പ്രവർത്തകനാണ് അറസ്റ്റിലായ യുവാവ് എന്നും പ്രചാരണമുണ്ട്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുവന്ന ഒരു ചിത്രം സബിത്ത് പങ്കുവയ്ക്കുകയായിരുന്നു എന്നും ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയുടെ പ്രകാരമാണ് യുവാവിനെതിരെ നടപടി സ്വീകരിച്ചതെന്നും കുന്നംകുളം പോലീസ് അറിയിക്കുകയുണ്ടായി.