ആർഎസ്എസ് നേതാവ് കൃഷ്ണ ഗാനം മോഷ്ടിച്ചെന്ന് ആരോപണം; മോഷ്ടിച്ചത് തെങ്ങുകയറ്റ തൊഴിലാളിയുടെ രചന

single-img
11 September 2020

തെങ്ങുകയറ്റ തൊഴിലാളിയായ സഹദേവന്റെ കൃഷ്ണഭക്തി ഗാനം മോഷ്ടിച്ച ആർഎസ്എസ് നേതാവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ശിവകുമാർ അമൃതകലയാണ് സഹദേവന്റെ രചനയിൽ സ്വന്തം പേര് വച്ച് ആൽബം പുറത്തിറക്കിയത്. സ്വന്തം രചനയാണെന്ന് വരുത്തിത്തീർക്കാൻ സഹദേവന്റെ ചില പദങ്ങൾ ഒഴിവാക്കിയായിരുന്നു ഗാനരചന എന്നാണ് വിമർശനം. ആർഎസ്എസ് പത്തനംതിട്ട ജില്ലാ കാര്യവാഹക് ആണ് മോഷണാരോപണം നേരിടുന്ന ശിവകുമാർ അമൃതകല.

ഗാനരചന, സംഗീത സംവിധാനം ശിവകുമാർ അമൃതകല എന്നാണ് തുളസിക്കതിർ എന്ന ആൽബത്തിൽ നൽകിയിരിക്കുന്നത്. ദേവനന്ദ രാജീവാണ് ആലാപനം. എന്നാൽ മരംകയറ്റ തൊഴിലാളിയായ സഹദേവൻ മുപ്പത് വര്‍ഷം മുന്‍പ് രചിച്ച ഈ ഗാനം ഈയിടെ വീണ്ടും വൈറലായപ്പോൾ അത് മോഷണം നടത്തിയെന്നാണ് ആരോപണം. അന്ന് താന്‍ വരികളെഴുതിയ ആ ഡയറി ഇപ്പോുമുണ്ട് എന്ന് സഹദേവൻ അവകാശപ്പെടുന്നു. അതിലെ ചില പദങ്ങൾ ഈണത്തിനനുസരിച്ച് ഭേദഗതി ചെയ്തിട്ടുണ്ട്. കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയാണ് സഹദേവന്‍.

സഹദേവന്‍ ചെറുപ്പത്തില്‍ തന്നെ നിരവധി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാൽ ജീവതത്തിന്റെ കഷ്ടപ്പാടിനിടയില്‍ അദ്ദേഹം ഗാനരചന തുടർന്നില്ല. ഹിറ്റായ സഹദേവന്റെ ഗാനം അടുത്തിടെ കരുനാഗപ്പളളി സ്വദേശിനിയായ ഹന്ന എന്ന മുസ്ലീം പെണ്‍കുട്ടി പാടിയതോടെയാണ് വീണ്ടും വൈറലായത്.

മലയാളികള്‍ മുപ്പതു പതിറ്റാണ്ടോളം നെഞ്ചോട് ചേര്‍ത്ത പ്രശസ്ത കൃഷ്ണ ഭക്തിഗാനത്തിന്റെ രചയിതാവിനോട് അനുവാദം ചോദിക്കുക പോലും ചെയ്യാതെ മാറ്റം വരുത്തുക മാത്രമല്ല, രചനയുടെ പിതൃത്വവും സ്വന്തം പേരിലാക്കിയ ശിവകുമാറിന്റെ നടപടി നീതീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പരാതി.