റിപ്പബ്ലിക് ടി.വിയില്‍ കൂട്ടരാജി

single-img
10 September 2020

റിപ്പബ്ലിക് ടി.വി മേധാവി അർണാബ് ഗോസ്വാമിയുടെ മാധ്യമവിചാരണയില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയില്‍ കൂട്ടരാജി. മാധ്യമപ്രവര്‍ത്തകരായ ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍ സിംഗ് സോധി എന്നിവരാണ് രാജിവെച്ചത്. സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിയ്‌ക്കെതിരായ മാധ്യമവിചാരണയില്‍ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. ഇഡിവ ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘റിയ ചക്രബര്‍ത്തിയെ നിന്ദിക്കാന്‍ റിപ്പബ്ലിക് ടി.വി നടത്തുന്ന ആക്രമണാത്മക അജണ്ടയെ എതിര്‍ക്കാന്‍ എനിക്കാവില്ല’, ശാന്ത ശ്രീ സര്‍ക്കാര്‍ കുറിച്ചു. ധാര്‍മ്മികമായ കാരണങ്ങളാല്‍ റിപ്പബ്ലിക് ടി.വി വിടുകയാണെന്ന് ശാന്ത ശ്രീ സര്‍ക്കാര്‍ അറിയിച്ചു. താന്‍ നിലവില്‍ നോട്ടീസ് പിരീഡിലാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

റിപ്പബ്ലിക് ടി.വിയുടെ ജമ്മു കശ്മീര്‍ ബ്യൂറോ ചീഫ് തേജീന്ദര്‍ സിംഗ് സോധിയും സമാന ആരോപണമുന്നയിച്ചാണ് രാജിവെച്ചത്. ‘അര്‍ണബ് വന്‍തോതില്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, എന്നാല്‍ യഥാര്‍ത്ഥ ജോലി ചെയ്യുന്ന ആളുകള്‍ക്ക് നിലക്കടലയാണ് ലഭിക്കുന്നത്.’, തേജീന്ദര്‍ സിംഗ് പറഞ്ഞു. റിപ്പബ്ലിക് ചാനലെന്നാല്‍ അര്‍ണബ് മാത്രമാണെന്നും ടീം വര്‍ക്കില്‍ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും തേജീന്ദര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ റിപ്പോര്‍ട്ടറാണ് ആദ്യം രാജിവെച്ചത്. പിന്നീട് മധ്യപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛണ്ഡീഗഢ്, ബംഗളൂരു എന്നീ ബ്യൂറോകളിലുള്ളവരും രാജിവെച്ചു.